പന്നിയങ്കരയിൽ ഇന്നുമുതൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിക്കും
1484474
Thursday, December 5, 2024 3:45 AM IST
പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും
വടക്കഞ്ചേരി: പന്നിയങ്കര ടോൾ ബൂത്തിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും.
ഇന്നുരാവിലെ 10 മുതൽ ടോൾപിരിവ് തുടങ്ങുമെന്നാണ് കരാർകമ്പനി പറഞ്ഞിട്ടുള്ളത്. എന്നാൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിച്ചാൽ ടോൾപ്ലാസയുടെ പ്രവർത്തനം പൂർണമായും തടഞ്ഞുള്ള കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നാണു രാഷ്ട്രീയ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അതേ സമയം, പ്രതിഷേധം കൂടുതൽ ശക്തമായ സാഹചര്യത്തിൽ കരാർകമ്പനി ടോൾപിരിവ് മാറ്റി വച്ചേക്കും. എംഎൽഎ പി.പി. സുമോദ് ഇടപ്പെട്ട് ടോൾ പിരിവ് ഒഴിവാക്കാൻ കൂടിയാലോചന നടക്കുന്നുണ്ട്.
ഇന്നുരാവിലെ ഒമ്പതിന് ടോൾപ്ലാസയിലേക്ക് സിപിഎം നടത്തുന്ന മാർച്ചോടുകൂടി ടോൾ പിരിവ് മാറ്റിവച്ചുള്ള പ്രഖ്യാപനവുമുണ്ടാകുമെന്നാണ് സൂചന. തൃശൂർ പാലിയേക്കരയിലേതുപ്പോലെ പ്രദേശവാസികൾക്ക് സൗജന്യപാസ് നൽകി പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വേണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്നലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വലിയ പ്രതിഷേധങ്ങളാണ് ടോൾപ്ലാസക്കു മുന്നിൽ നടന്നത്.
കേരള കോൺഗ്രസ് എം
രാവിലെ കേരള കോൺഗ്രസ് എം തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ചും തുടർന്ന് ടോൾ പ്ലാസക്കു മുന്നിൽ ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവളളിൽ ഉദ്ഘാടനം ചെയ്തു. നിയമം നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിമാരായ ബിജു പുലിക്കുന്നേൽ, ജോസ് വടക്കേക്കര, ആലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ, കൃഷ്ണ മോഹൻ, ആർ. സുരേഷ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജു, വിൽസൺ കണ്ണാടൻ, ജോയ് കുന്നത്തേടത്ത്, രാജു സി. പാറപ്പുറം, രാമചന്ദ്രൻ വണ്ടാഴി എന്നിവർ പ്രസംഗിച്ചു.
ടോൾ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ടോൾകമ്പനി മാനേജർക്കു നിവേദനം നൽകി. തൃശൂർ പാലിയേക്കരക്കും പന്നിയങ്കരക്കും വെവ്വേറെ നിയമം വേണ്ടെന്നും പാലിയേക്കരയിൽ പ്രദേശവാസികൾക്കു നൽകുന്ന സൗജന്യപാസ് പന്നിയങ്കരയിലും നടപ്പിലാക്കണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. പാലിയേക്കരയിൽ പത്ത് കിലോമീറ്റർ വായുദൂരമുള്ള പ്രദേശത്തുള്ളവർക്കെല്ലാം വർഷാവർഷങ്ങളിൽ സൗജന്യ പാസ് അനുവദിക്കുമ്പോൾ കേരളത്തിൽ തന്നെയുള്ള പന്നിയങ്കര ടോൾ പ്ലാസയിൽ സാങ്കേതികത്വംപറഞ്ഞ് ടോൾ പിരിക്കാൻ ശ്രമിക്കരുതെന്നു പാർട്ടി നേതാക്കൾ മുന്നറിയിപ്പു നൽകി.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. കുഴൽമന്ദം പ്രകാശൻ, പാളയം പ്രദീപ്, കണ്ണൻ, വിജയകുമാർ, ടി.സി. ഗീവർഗീസ് മാസ്റ്റർ, ഇല്ല്യാസ് പടിഞ്ഞാറെകളം എന്നിവർ പ്രസംഗിച്ചു.
ബിജെപി മണ്ഡലം കമ്മിറ്റി
ബിജെപി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി ടോൾ പ്ലാസയിൽ കുത്തിയിരുപ്പുസമരം നടത്തി. ജില്ലാ കമ്മിറ്റി അംഗം എൻ.വി. വാസുദേവൻ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഗുരു അധ്യക്ഷത വഹിച്ചു. എൻ. കൃഷ്ണകുമാർ, കെ. ശ്രീകണ്ഠൻ, എം. കോമളം , ഡി. ധനിത , കെ. മഞ്ജുഷ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട്, കെ. അജിത്ത് എന്നിവർ പ്രസംഗിച്ചു.