കല്ലടിക്കോട് ജിഎൽപി സ്കൂളിന് നൂറു വയസ്
1484468
Thursday, December 5, 2024 3:45 AM IST
കല്ലടിക്കോട്: കല്ലടിക്കോടും സമീപപ്രദേശങ്ങളിലും വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകുന്ന ജിഎൽപി സ്കൂൾ നാടിന്റെ വിദ്യാഭ്യാസരംഗത്ത് പ്രശോഭിക്കാൻ തുടങ്ങിയിട്ട് നൂറ് വർഷം തികയുന്നു.
1924 ജനുവരിയിൽ കൃഷ്ണൻ എഴുത്തച്ഛൻ മേലേമഠം ഓലഞ്ചേരി പ്രദേശത്ത് എഴുത്തുപള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീട് സർക്കാരിന് വിട്ടുകൊടുത്തു. സ്ഥലം അധികാരിയായിരുന്ന എം. ചെല്ലപ്പൻ നായർ സ്രാന്പിക്കൽ പ്രദേശത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിൽ തുടർന്ന് പ്രവർത്തിച്ചു. വർഷങ്ങൾക്കുശേഷം ടി.പി. കുഞ്ഞുണ്ണിക്കുറുപ്പ് കല്ലടിക്കോട് ടിബി ജംഗ്ഷനിൽ യുപി സ്കൂളിനു സമീപം നിർമിച്ച കെട്ടിടത്തിലേക്ക് ജിഎൽപി സ്കൂളിന്റെ പ്രവർത്തനം മാറ്റി.
1998ൽ എ.കെ. ശിവരാമനിൽ നിന്ന് ലഭിച്ച സ്ഥലത്ത് വിവിധ സർക്കാർ ഏജൻസികൾ നിർമിച്ചു നൽകിയ കെട്ടിടങ്ങളിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി പഠിക്കുന്ന മുന്നൂറിലധികം വിദ്യാർഥികളും പതിനെട്ട് ജീവനക്കാരുമാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്. നൂറാം വാർഷികാഘോഷം 2024 മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളായാണ് നടപ്പിലാക്കിയത്. ശതപൂർണിമ എന്ന പേരിലുള്ള ആഘോഷ പരിപാടികളിൽ പൂർവ വിദ്യാർഥിസംഗമം, ഗുരുവന്ദനം, ഓട്ടൻതുള്ളൽ, സോദാഹരണ ക്ലാസ്, നൂറാം വർഷം 100 തൈകൾ, കഥ, കവിത, ചിത്രരചന ക്യാന്പ്, ചങ്ങാതിക്കൂട്ടം, ബഷീറിനെ അറിയാം, സൈനികന് ആദരം, ആയുർവേദ മെഡിക്കൽ ക്യാന്പ്, സർഗോത്സവം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു.
6,7 തിയതികളിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ശതപൂർണിമ ആഘോഷപരിപാടികൾ കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും ചലച്ചിത്ര അവാർഡ് ജേതാവായ ബീന ആർ. ചന്ദ്രന്റെ ഏകപാത്ര നാടകവും നടക്കും.