അവഗണന: ദുരിതബാധിതർ അഗളി മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു
1484229
Wednesday, December 4, 2024 4:13 AM IST
അഗളി: പ്രകൃതിക്ഷോഭത്തിൽപ്പെട്ട് കുറവൻപാടി ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയുന്നവർ അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് അഗളി മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു.ഇന്നലെ രാവിലെ 11 മണിയോടെയാണ് ദുരിതബാധിതർ അഗളി മിനി സിവിൽസ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയത്.ഒക്ടോബർ 29ന് കുറവൻപാടി, പുലിയറ, പോത്തുപാടി പ്രദേശങ്ങളിൽ അനുഭവപ്പെട്ട അതിശക്തമായ മഴയിലാണ് പ്രകൃതിക്ഷോഭം ഉണ്ടായത്.
മൂന്നു മണിക്കൂറിലേറെ നീണ്ട മഴയിൽ വീടുകളിലേക്ക് മണ്ണ് ഇടിച്ചു കയറിയും റോഡ് ഇടിഞ്ഞു വൻമരങ്ങൾ കടപുഴകി വീണും ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണും ഉരുൾപൊട്ടൽ അനുഭവപ്പെട്ടും വൻനാശമാണ് പ്രദേശത്തുണ്ടായത്. താമസയോഗ്യമല്ലാത്ത വീട്ടിൽനിന്നും നാലു കുടുംബങ്ങളെ കുറവൻ പാടി ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ പാരിഷ് ഹാളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.എംഎൽഎ അടക്കം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ദുരിതാശ്വാസ ക്യാമ്പിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഒരു മാസം പിന്നിട്ടിട്ടും ഔദ്യോഗികതലത്തിൽ നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല. വീട്ടിലേക്ക് ഇടിഞ്ഞുകിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനോ വീട് സുരക്ഷിതമാക്കുന്നതിനോ യാതൊരു നടപടികളും ഉണ്ടായില്ല.
രണ്ടുവയസ് മുതൽ 80 വയസുവരെ പ്രായമുള്ളവർ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയുന്നുണ്ട്. തൊഴിലുറപ്പ് ജോലിയും കൂലിപ്പണിയും ആണ് ഇവരുടെ ഉപജീവനമാർഗം. പ്രദേശവാസികളായി ഏതാനും യുവാക്കൾ ദുരന്ത ദിവസം മുതൽ ഇവർക്ക് സഹായത്തിനായി മുന്നിലുണ്ട്. സോഷ്യൽ മീഡിയ വഴിയും മറ്റും സഹായഹസ്തം അഭ്യർഥിച്ചെങ്കിലും ശാശ്വതമായ പരിഹാരം ലഭിച്ചില്ല. പഞ്ചായത്ത,് റവന്യൂ അധികൃതരും ഇവരെ തിരിഞ്ഞു നോക്കാതെയായതോടെ അയൽക്കാരായ പൂക്കുന്നേൽ രാജു, കോറോത്ത് ഷെറിൻ, വേളാശേരിയിൽ സിനോ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയുന്നവർ അഗളി മിനി സിവിൽ സ്റ്റേഷനിൽ എത്തിയത്.
സംഘം എത്തിയതോടെ വിവിധ രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും പിന്തുണയുമായി എത്തി. പഞ്ചായത്ത്-റവന്യൂ അധികൃതരുമായി സംഘം ചർച്ച നടത്തി. തുടർന്ന് ജില്ലാ കളക്ടർ എസ്. ചിത്ര സംഭവത്തിൽ ഇടപെട്ടു. വീടുകളിലേക്ക് വീണു കിടക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യുവാനും വീട് താമസയോഗ്യമാണോ എന്ന് പരിശോധിക്കുവാനും നിർദേശം നൽകി. വീടിരിക്കുന്ന പ്രദേശം താമസയോഗ്യമാണോഎന്ന് പരിശോധിക്കുന്നതിന് ജിയോളജിക്കൽ വിഭാഗത്തെ ഉടൻ നിയോഗിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വീട്ടിൽ താമസിക്കാനാകാത്ത കുടുംബങ്ങളെ ഉടൻ സുരക്ഷിതമായ വീടുകളിലേക്ക് നീക്കാൻ കളക്ടർ നിർദേശിച്ചു. ഇതിൽ പ്രകാരം കുറവൻപാടി അങ്കണവാടിയിലേക്ക് ഏതാനും പേരെ ഇന്നലെ തന്നെ മാറ്റിപ്പാർപ്പിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് സമരക്കാർ മടങ്ങി.