നല്ലേപ്പിള്ളിയിൽ നെൽച്ചെടിയിൽ കീടബാധ വ്യാപിക്കുന്നതിനു പരിഹാരം വേണം
1484227
Wednesday, December 4, 2024 4:13 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ നടീൽ കഴിഞ്ഞ നെല്പാടങ്ങളിൽ ഓലചുരുട്ടിയും പച്ചപ്പുഴുവും വേരുചീയലും നെല്ലിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതായി നെൽകർഷകർ. നടീൽ കഴിഞ്ഞ് 20-25 ദിവസം പ്രായമായ നെൽച്ചെടികളിലാണ് കീടരോഗ ആക്രമണം.
ദിവസങ്ങളായി പ്രതികൂല കാലാവസ്ഥയായതിനാൽ മരുന്ന് തളിക്കാനും കഴിയുന്നില്ല. സിആർ നെല്ലിനത്തിനാണ് രോഗബാധ കാണുന്നത്.
നടീൽ കഴിഞ്ഞ് ഉടനെ കളനാശിനിയും ഒന്നാം വളവും ഇട്ടശേഷം അതിന്റെ ഫലം നെൽച്ചെടിയുടെ വളർച്ചയിൽ പ്രതിഫലിച്ചു കാണാത്ത സ്ഥിതിയാണ്. ഒന്നാംവിള പ്രതികൂല കാലാവസ്ഥയിൽ കൊയ്ത നെല്ല് കയറ്റി പിന്നീട് വായ്പ വാങ്ങി രണ്ടാം വിളയിറക്കിയ നെൽ കർഷകർക്ക് ഈ രോഗത്തിനെ പ്രതിരോധിക്കാനുള്ളനടപടികൾ സ്വീകരിക്കാൻ വീണ്ടും കടം വാങ്ങേണ്ട സ്ഥിതിയാണ്.
രാസവള-കീടനാശിനി വ്യാപാരികൾ പറയുന്ന കീടനാശിനികളാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഫലിക്കാറില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ ബോധവത്കരണം കർഷകരിൽ നടത്തുകയും അതിനുവേണ്ട കീടനാശിനികൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യണമെന്നും മരുന്ന് തളിക്കു പവർസ്പ്രെയർ നൽകണമെന്നും മൂച്ചിക്കുന്ന് സമിതി സെക്രട്ടറി വി. രാജൻ ആവശ്യപ്പെട്ടു.