നെല്ല് വെള്ളത്തിൽ, കർഷകമനസിൽ ഇടിമുഴക്കം
1484226
Wednesday, December 4, 2024 4:13 AM IST
ഷൊർണൂർ: മഴ വില്ലനായി, നെൽചെടികൾ വെള്ളത്തിനടിയിൽ. കാലംതെറ്റിയെത്തിയ മഴയാണ് നെൽക്കൃഷിക്ക് ഭീഷണിയായത്. പനയൂർ പാടശേഖരത്തിലെ നെൽച്ചെടികളാണ് ചെളിയിൽ വീണു കിടക്കുന്ന സ്ഥിതിയുളളത്. കൊയ്തെടുക്കേണ്ട നെല്ല് പാടത്തു വീണുകിടക്കുകയാണ്. ഇതിനുപുറമെ കാട്ടുപന്നിശല്യവും കൂടുതലാണ്.
വിളഞ്ഞുനിൽക്കുന്ന നെല്ല് കൊയ്തെടുക്കേണ്ടസമയം കഴിഞ്ഞതോടെ പല ഭാഗങ്ങളിലും പാടത്ത് വീണനിലയിലാണ്. ഒപ്പം കാട്ടുപന്നിശല്യവും പാടങ്ങളിൽ വെള്ളത്തിന്റെ പ്രശ്നവും കൂടി ആകുമ്പോൾ കൊയ്തെടുത്താൽ കർഷകർക്ക് നഷ്ടങ്ങൾ മാത്രമാണ് ലഭിക്കുക. ചില ഭാഗങ്ങളിലാകട്ടെ പാടങ്ങളിൽ വെള്ളമില്ലാത്ത സ്ഥിതിയുമുണ്ട്. ഇവർക്ക് ഇപ്പോൾ ലഭിച്ചമഴ അനുഗ്രഹമാണ്. നേരത്തെ കൃഷിയിടത്തിലേക്ക് സമീപകുളങ്ങളിൽനിന്നും കിണറ്റിൽനിന്നും മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്താണ് കർഷകർ കൃഷിയിടത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത്.
എന്നാൽ നേരത്തെ കൃഷിയിറക്കിയ കർഷകർക്ക് കാലംതെറ്റി മഴ വന്നതോടെ ദുരിതവുമായി. കൊയ്തെടുക്കാൻ താമസിച്ചാൽ, ചെളിയിൽ വീഴുന്നതോടെ നെല്ല് മുളയ്ക്കുകയും ചെയ്യും. ഇത് കർഷകർക്ക് ഇരട്ടി നഷ്ടമുണ്ടാക്കും.