കൂമൻകാട്ട് റോഡരികിൽ മാലിന്യം തള്ളുന്നവരെ ശിക്ഷിക്കണമെന്ന് ആവശ്യം
1484220
Wednesday, December 4, 2024 4:13 AM IST
തത്തമംഗലം: കൂമൻകാട് കൊല്ലൻകുളമ്പ് പാതയിൽ ഇറച്ചിമാലിന്യം തള്ളുന്നതിനാൽ ഇതുവഴി യാത്ര അതീവ ദുഷ്ക്കരം. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾക്ക് പുറമെ പന്നികളും ഇതുവഴി യാത്ര ഭീതിജനകമായിരിക്കുന്നു.
പന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് നിരവധി അപകടങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. റോഡരികിൽ വളർന്നു പന്തലിച്ച പാഴ്ചെടികളിലാണ് രാത്രിസമയങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത്. പൊതുജനപ്രതിഷേധം വ്യാപിച്ചതോടെ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ സ്ഥലത്ത് മാലിന്യം തള്ളൽ ശിക്ഷാർഹമാണെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് പ്രദേശത്ത് മാലിന്യം തള്ളുന്നത്.
പകൽ സമയത്ത് പോലും പന്നികൾ റോഡരികിൽ കാണപ്പെടുന്നത് കാൽ നടയാത്ര പോലും ഭീതികരമാക്കിയിരിക്കുകയാണ്. ദുർഗന്ധം കാരണം ഇതുവഴിയുള്ള വാഹന യാത്രികർ പൊറുതിമുട്ടുന്നു. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ച് പഞ്ചായത്ത് നിർദേശം അവഗണിക്കുന്നവരെ പിടികൂടി ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.