മണ്ണാർക്കാട് ചുങ്കത്ത് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു
1483707
Monday, December 2, 2024 4:11 AM IST
മണ്ണാർക്കാട്: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാട് ചുങ്കത്ത് നിയന്ത്രണം തെറ്റിയ ലോറി വൈദ്യുത പോസ്റ്റിൽ ഇടിച്ചു. ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുപോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് നിയന്ത്രണം തെറ്റിയത്.
ഇടിയുടെ ആഘാതത്തിൽ ഇരുമ്പുകമ്പി കൊണ്ടുനിർമിച്ച വൈദ്യുതപോസ്റ്റ് പൂർണമായും തകർന്നു. തൊട്ടടുത്തുള്ള മൂന്നു വൈദ്യുത പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടം സംഭവിച്ച ഉടൻ വൈദ്യുതി നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിയന്ത്രണം തെറ്റിയ ലോറി വൈദ്യുത പോസ്റ്റിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ 10 മീറ്റർ അടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറുമായിരുന്നു.