പനംകുറ്റിയിലും കരടിയളയിലും കാട്ടാനകൾ തമ്പടിക്കുന്നു; നെഞ്ചിടിപ്പോടെ കർഷകർ
1483705
Monday, December 2, 2024 4:11 AM IST
വടക്കഞ്ചേരി: കൃഷിയിടങ്ങളിലിറങ്ങി വിളകളെല്ലാം ചവിട്ടിക്കൂട്ടിയും തള്ളിയിട്ടും നശിപ്പിച്ചുള്ള ആനകളുടെ വിളയാട്ടത്തിൽ തകരുന്നത് കർഷകരുടെ പ്രതീക്ഷകൾ.
കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോര പ്രദേശമായ പനംകുറ്റിയിലെ കർഷകരുടെ സ്ഥിതിയാണിത്. ദിവസവും രാത്രി പീച്ചികാട്ടിൽ നിന്നുള്ള ആനകൾ പനംകുറ്റി, കരടിയള എന്നീ പ്രദേശങ്ങളിലായി കൃഷി നശിപ്പിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന ആനകൾ തീറ്റ മാത്രമല്ല നടത്തുന്നത്.
കൃഷിയിടത്തിൽ ഓടിനടന്ന് മരങ്ങളെല്ലാം തള്ളിയിടും. കുരുമുളക് വളർത്തിയ വലിയ കവുങ്ങുകളാണ് തള്ളിയിട്ട് നശിപ്പിക്കുന്നത്. കവുങ്ങിന്റെ പട്ടയോ കുരുമുളക് വള്ളികളോ ഇവ തിന്നുന്നില്ല.
മുപ്പത്, നാല്പത് വർഷം പ്രായമുള്ള വലിയ തെങ്ങുകളും തള്ളിയിട്ട് കരുത്തുകാണിക്കുന്ന ആനകളുമുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള കൂട്ടമാണെങ്കിൽ തോട്ടത്തിൽ പിന്നെ വിളകളൊന്നും ബാക്കിയുണ്ടാകില്ല.
എല്ലാം തകർത്തെറിയും. പുലർച്ചെ ആനകൾ തോട്ടത്തിൽ നിന്നും മടങ്ങിപോകുമ്പോൾ കുറെ ആനപ്പിണ്ഡം മാത്രമാണ് കർഷകനു മിച്ചമുണ്ടാവുക. പ്രദേശത്തെ കൃഷിടങ്ങളിലൊന്നും ഇപ്പോൾ വാഴ ഇല്ലാതായി.
തൈത്തെങ്ങുകളും കവുങ്ങിൻതൈകളും ചവിട്ടിയും പിഴുതെറിഞ്ഞും നഷ്ടപ്പെടുത്തും. കഴിഞ്ഞ കുറച്ചുകാലമായി ഉറക്കമില്ലാത്ത രാത്രികളാണ് പനംകുറ്റികാർക്ക്.
പകലന്തിയാവോളം പണിയെടുത്ത് തളരണം. രാത്രിയിൽ വിളകൾക്ക് കാവൽ നിൽക്കണം. ഇത്രയേറെ കഷ്ടപ്പാട് സഹിച്ചും ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചത് കണ്ടുനിൽക്കാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. പലവഴിക്കാണ് ആനകൾ തോട്ടങ്ങളിൽ എത്തുന്നത്.
വനത്തോടുചേർന്നുള്ള പല തോട്ടങ്ങളും പരിചരണമില്ലാതെ പൊന്തക്കാടുമൂടി കിടക്കുന്നതിനാൽ കാട്ടിൽ നിന്നിറങ്ങുന്ന ആനകൾ ഇത്തരം സ്വകാര്യ തോട്ടങ്ങളിലാണ് തമ്പടിക്കുന്നത്. ഇതിനാൽ രാത്രികാലങ്ങളിൽ ആനകൾ മറഞ്ഞു നിൽക്കുന്നതും കാണാനാകില്ല. ജീവൻ പണയപ്പെടുത്തിയുള്ള ഈ കാവലിരിപ്പ് കൂടുതൽ ദിവസം മുന്നോട്ടു പോകാനാകില്ലെന്നാണ് കർഷകർ പറയുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കരടിയള ഭാഗങ്ങളിൽ പകൽ സമയവും ആനകളാണ്. പടക്കവും ബഹളവുമൊന്നും ആനകൾക്ക് പേടിയില്ലാതായി. ആനകളെ ശല്യം ചെയ്താൽ അവ ആക്രമിക്കാൻ പാഞ്ഞെത്തുന്ന സ്ഥിതിയായി.
കഴിഞ്ഞദിവസം കണിക്കാട് എസ്റ്റേറ്റ് വഴിയിൽ ആനയുടെ മുന്നിൽപ്പെട്ട തോട്ടം തൊഴിലാളികളായ സ്ത്രീകൾ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. രണ്ടുദിവസം മുമ്പ് റബർ ടാപ്പിംഗിന് പോയിരുന്ന അമ്മയും മകനും ആനയുടെ മുന്നിൽ പ്പെട്ട് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവവുമുണ്ടായി.
വനാതിർത്തികളിൽ തകർന്നു കിടക്കുന്ന സോളാർ ഫെൻസിംഗ് പുനസ്ഥാപിച്ചാൽ ആനയിറങ്ങുന്നതിന് താത്കാലിക പരിഹാരമാകുമെന്ന് കർഷകർ പറയുന്നു. ഇതിന് ഫണ്ടില്ലെന്നു പറഞ്ഞാണ് വനംവകുപ്പ് കൈമലർത്തുന്നത്. എന്നാൽ ഫണ്ട് കണ്ടെത്തി പ്രവൃത്തി ചെയ്യിപ്പിക്കാൻ മറ്റു ഭരണസംവിധാനങ്ങളോ ജനപ്രതിനിധികളോ രംഗത്തു വരുന്നുമില്ല.