മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അദാലത്തുകൾ 19മുതൽ 27വരെ
1483699
Monday, December 2, 2024 4:11 AM IST
പാലക്കാട്: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് ജില്ലയിൽ 19 മുതൽ 27 വരെ നടക്കും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയുടെയും എം.ബി. രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകൾ നടക്കുക. 19 ന് പാലക്കാട് താലൂക്ക്, 20 ന് ചിറ്റൂർ, 21 ന് ആലത്തൂർ, 23 ന് ഒറ്റപ്പാലം, 24 ന് മണ്ണാർക്കാട്, 26 ന് പട്ടാമ്പി, 27 ന് അട്ടപ്പാടി എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്കു ഈമാസം ആറു മുതല്‍ 13 വരെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓണ്‍ലൈന്‍ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നൽകാം.
പരിഗണിക്കുന്ന വിഷയങ്ങൾ ഇവയെല്ലാം
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം അല്ലെങ്കിൽ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മൽസ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ പരിഗണിക്കും.
ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം- മാലിന്യ സംസ്കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ, ബിപിഎൽ- ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷ്വറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുളള നഷ്ടപരിഹാരം-സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവയും പരിഗണിക്കും.
വ്യവസായ സംരംഭങ്ങൾക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുളള സംരക്ഷണം- നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുളള പരാതികൾ- അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം എന്നിവയും പരിഗണിക്കും.
അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുളള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും.