പന്നിയങ്കരയിലെ ടോൾ പ്രശ്നം: "രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൂട്ടായ പ്രതിഷേധങ്ങൾ ഒരുക്കണം'
1483697
Monday, December 2, 2024 4:11 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും അനുവദിച്ചിരുന്ന സൗജന്യ പ്രവേശനം ഇല്ലാതാക്കുമെന്ന ടോൾകമ്പനി ഇടക്കിടെ നടത്തുന്ന ഭീഷണി നേരിടാൻ രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും സംഘടനകളും ഒന്നിച്ചുള്ള പ്രക്ഷോഭം നയിക്കണമെന്ന ആവശ്യം ശക്തം.
ഒറ്റയ്ക്കുള്ള സമരങ്ങളും പ്രതിഷേധങ്ങളും അവകാശപ്പെട്ട നീതി ദുർബലപ്പെടുത്തുന്ന സ്ഥിതി ഉണ്ടാക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
ടോൾ കമ്പനിയുടെ ഇടയ്ക്കിടെയുള്ള ഈ ഭീഷണിക്കെതിരെ ഇപ്പോൾ ഒറ്റയ്ക്കാണ് സമരങ്ങൾ നടക്കുന്നത്. ഇന്നു മുതൽ ഇനി ഒറ്റതിരിഞ്ഞുള്ള സമരങ്ങളാണ് ടോൾ പ്ലാസക്കു മുന്നിൽ അരങ്ങേറുന്നത്. ഓരോ ദിവസം ഓരോ പാർട്ടികളും സംഘടനകളും സമരം പ്രഖാപിച്ചിട്ടുണ്ട്.
സമരം ചെയ്തെന്ന് കാണിക്കാനുള്ള തിരക്കുകൂട്ടലുകളാണ് നടക്കുന്നത്.
ദൂരെ മാറി നിന്നുള്ള സമരങ്ങൾക്കാണ് എല്ലാവർക്കും താത്പര്യം. ഇതുപോലീസ് സംരക്ഷണത്തിൽ കാര്യം സാധിച്ചെടുക്കാൻ ടോൾ കമ്പനിക്കും എളുപ്പമാകും.പോലീസുമായുള്ള ധാരണകളിലാണ് ഇപ്പോഴത്തെ സമരങ്ങളെല്ലാം നടക്കുന്നത്. ഇതിന് നിലനിൽപ്പുണ്ടാകില്ല.
പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ തരൂർ, ആലത്തൂർ എംഎൽഎമാരും എംപിയും ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി സൗജന്യ പ്രവേശനം തുടരാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഭരണ - പ്രതിപക്ഷ പാർട്ടി നേതൃത്വങ്ങളും ഇക്കാര്യത്തിൽ ആത്മാർത്ഥതയുള്ള ഇടപെടലുകൾ നടത്തണം.
സമരങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾക്കപ്പുറം പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന ഭീക്ഷണി ടോൾ കമ്പനി ഇടക്കിടെ പ്രയോഗിക്കുന്നതിനാൽ ഇതിനെ നേരിടാൻ എല്ലാ രാഷ്ട്രിയ പാർട്ടികളും സംഘടനകളും ചേർന്ന് സ്ഥിരമായി നിലനിൽക്കുന്ന സംയുക്ത സമരസമിതിക്കും രൂപം നൽകി വേണം ടോൾ കൊള്ള തടയാനെന്നാണ് ജനവികാരം.