വടക്കഞ്ചേരിയിലെ പച്ചത്തുരുത്തുകൾ സംരക്ഷിക്കാൻ കർമപദ്ധതി തയാറാക്കും
1483695
Monday, December 2, 2024 4:11 AM IST
വടക്കഞ്ചേരി: ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ വളർത്തിയെടുക്കുന്ന പച്ചത്തുരുത്തുകൾ സംരക്ഷിക്കുന്നതിനായി പദ്ധതി തയാറാക്കും.
വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി അതാത് സ്ഥലങ്ങളിൽ പച്ചത്തുരുത്ത് സംരക്ഷണ സമിതികൾക്ക് രൂപം നൽകുമെന്നു നവകേരളം കർമ പദ്ധതി സീനിയർ റിസോഴ്സ് പേഴ്സൺ ഡോ.പ്രഫ. കെ. വാസുദേവൻ പിള്ള പറഞ്ഞു.
ബിഎംസി യുടെ മേൽനോട്ടത്തിലാകും സംരക്ഷണ സമിതികൾ. വടക്കഞ്ചേരി പഞ്ചായത്തിലെ മംഗലം പുഴയോരത്തും ശ്രീരാമ തിയറ്ററിനടുത്ത് പുതുക്കുളത്തും പച്ചത്തുരുത്തുകൾ നശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം മനുഷ്യനിർമിത പച്ചത്തുരുത്തുകൾ സംരക്ഷിക്കുന്ന നടപടികൾ ഊർജിതമാക്കുന്നത്. പച്ചത്തുരുത്തുകൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജൈവ വൈവിധ്യ പരിപാലന സമിതി യോഗം ചേർന്ന് ഏതെല്ലാം തരത്തിൽ സംരക്ഷണ നിർവഹണം വേണമെന്നത് ആലോചിക്കുമെന്ന് ബിഎംസി കോ- ഓർഡിനേറ്റർ കെ.എം. രാജുവും അറിയിച്ചു.
ഇക്കഴിഞ്ഞ കാലവർഷത്തിൽ ശക്തമായ മഴയെ തുടർന്ന് മലയോരങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപാച്ചിലും ഉണ്ടായപ്പോൾ മംഗലം പുഴയിലൂടെ അതിശക്തമായി മലവെള്ളം കുത്തിയൊഴുകി വന്നു. എന്നാൽ അപായകരമായ ജലപ്രവാഹത്തിലും പുഴയോരം ഇടിഞ്ഞ് തകരാതെ ഉറച്ചുനിന്നത് പുഴയോരത്തെ മുളങ്കൂട്ടങ്ങളാണെന്നു കണ്ടെത്തിയിരുന്നു.
അന്യം നിന്നുപോകുന്ന ജലജീവികൾക്കുള്ള സംരക്ഷണകേന്ദ്രം കൂടിയാണ് ഇത്തരത്തിലുള്ള പച്ച തുരുത്തുകൾ. ഹരിത കേരള മിഷന്റെ പദ്ധതിയിലാണ് മംഗലം പുഴയോരത്ത് പച്ചത്തു രുത്ത് ഉണ്ടാക്കിയത്.
ജില്ലയിലെ തന്നെ പ്രധാന പച്ചത്തുരുത്തുകളിൽ ഒന്നാണ് മംഗലം പുഴയോരത്തേത്. ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തിനുള്ള പുരസ്കാരവും മംഗലം പച്ചത്തുരുത്തിനായിരുന്നു. വടക്കഞ്ചേരി പഞ്ചായത്തിൽ കണ്ണംകുളം, വള്ളിയോട് പൂക്കാട്, ആര്യൻകടവ് തുടങ്ങി നാലിടത്തു കൂടി ഈ മാസം പച്ച തുരുത്തുകളുടെ പ്രവർത്തനം തുടങ്ങുമെന്ന് ബിഎംസി കോ - ഓർഡിനേറ്റർ പറഞ്ഞു.