അടിയന്തര പരിഹാരം വേണം... ആലാംകടവ് വളവുപാതയിലെ അപകടക്കെണി ഒഴിവാക്കാൻ
1483659
Sunday, December 1, 2024 7:44 AM IST
ചിറ്റൂർ: കണക്കമ്പാറയിൽനിന്നും ആലാംകടവിലേക്കുള്ള വളവുപാതയിലെ അപകടക്കെണി ഒഴിവാക്കാൻ കാലങ്ങളായി നടപടിയില്ല. മുന്നറിയിപ്പു ബോർഡുകളില്ലാത്തതും റോഡിന്റെ വീതിക്കുറവുമാണ് പ്രധാന പ്രശ്നം.
ഇവിടെ ധാരാളം അപകടങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.ചിറ്റൂർ- ഗോപാലപുരം- പൊള്ളാച്ചി പ്രധാന റൂട്ടായതിനാൽ ഒട്ടനവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. കഴിഞ്ഞദിവസം കോഴിക്കടത്ത് ലോറി മറിഞ്ഞു ബസ് സ്റ്റോപ്പിൽ ഉറങ്ങുകയായിരുന്ന സ്ത്രീ മരിച്ച സംഭവവുമുണ്ടായി.
ഇത്തരം അപകടങ്ങൾ നടക്കുന്പോൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലത്തെത്താറുള്ളത്. എങ്കിലും നടപടികൾ അപര്യാപ്തം.
ആലാംകടവിൽനിന്നും കല്യാണപ്പേട്ട ഭാഗത്തേക്കുള്ള പാത കുത്തനെ താഴ്ചയിലാണുള്ളത്. ഇതും അപകടത്തിനു കാരണമാവുന്നുണ്ട്.