കുറുവസംഘം ഷൊർണൂരിലുമെത്തി?
1483658
Sunday, December 1, 2024 7:44 AM IST
ഷൊർണൂർ: ഷൊർണൂരിൽ കുറുവാ സംഘമെത്തിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം വാടാനം കുർശിയിൽ നടന്ന മോഷണശ്രമങ്ങളും ത്രാങ്ങാലിയിൽ നടന്ന വൻ കവർച്ചയുമെല്ലാം വിരൽ ചൂണ്ടുന്നത് കുറുവാ സംഘത്തിലേക്കാണ്.
കൊടുംകുറ്റവാളികളായ കുറുവാ സംഘം ഷൊർണൂരിൽ എത്തിയതായി പ്രചരണം ഉണ്ടായിരുന്നു. എന്നാൽ പോലീസ് ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. കുറുവാ സംഘത്തിന്റെ പേരിൽ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഷൊർണൂർ പോലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം വാടാനംകുർശിയിൽ ഒരാഴ്ചക്കിടെ അങ്ങാടിക്കാവിന് സമീപത്തെ അഞ്ചുവീടുകളിൽ മോഷണശ്രമങ്ങളുണ്ടായി.
ഷൊർണൂരും പരിസരപ്രദേശങ്ങളിലും കുറുവാസംഘം ഇറങ്ങിയെന്ന അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിൽ വലിയ ഭീതിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞദിവസം രാത്രി അങ്ങാടിക്കാവിന് സമീപത്തെ മഠത്തിൽതൊടി രുക്മിണിയുടെ വീടിന്റെ മുൻവശത്തെ വാതിൽ ചുറ്റിക ഉപയോഗിച്ച് അടിച്ചുതകർക്കാൻ ശ്രമിച്ചു. വീട്ടിനകത്തുണ്ടായിരുന്ന രുക്മിണി സമീപവാസികളെ മൊബൈൽ ഫോണിലൂടെ അറിയിച്ചതിനെത്തുടർന്ന് സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഒരുമണിക്കൂറോളം രണ്ടുപേർ വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചതായി രുക്മിണി പറഞ്ഞു.
ഈ സമയമത്രയും ഭയന്ന് വീടിനുള്ളിൽ ഒറ്റക്കിരിക്കേണ്ടിവന്നതും ജീവൻവരെ നഷ്ടപ്പെടുമോ എന്ന ഭീതിയിലായിരുന്നെന്നും അവർ പറയുന്നു. ഇതിനുപുറമേ, ബുധനാഴ്ച രാത്രിയും സമീപത്തെ പ്രിയയുടെയും ഓമനയുടെയും ഹംസയുടെയും വീടുകളിൽ മോഷ്ടാക്കൾ കയറാൻ ശ്രമിച്ചു.
പ്രിയയുടെ വീടിന്റെ മുൻവശത്തെ വാതിൽ തകർക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാരറിഞ്ഞതിനെത്തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. രുക്മിണിയും പ്രിയയും പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ രാത്രികാല പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.
എങ്കിലും പ്രദേശത്തെ വീടുകളിൽ മോഷ്ടാക്കൾ കയറുന്നത് കുറുവാസംഘമാണോ എന്ന ആശങ്കയിലാണിവർ.
യുവാക്കളുൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ച് കള്ളൻമാരെ പിടികൂടാനുള്ള തയാറെടുപ്പിലാണ്. മോഷ്ടാക്കളെത്തുമ്പോൾ സന്ദേശം കൈമാറാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.