ഗജവീരന്മാർക്കായി പരക്കംപാച്ചിൽ
1483657
Sunday, December 1, 2024 7:44 AM IST
ഒറ്റപ്പാലം: ഉത്സവകാലം പിറന്നതോടെ ഗജവീരൻമാർക്കുവേണ്ടി ഉത്സവകമ്മിറ്റിക്കാരുടെ പരക്കംപാച്ചിൽ. ഗജസമ്പത്ത് കുറഞ്ഞതോടെ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാത്ത സാഹചര്യമുണ്ട്.
സംസ്ഥാനത്ത് ആനകളുടെ എണ്ണം കുറഞ്ഞതിനൊപ്പം ഏക്കസംഖ്യ (ഒരു ദിവസത്തെ എഴുന്നള്ളിപ്പുനിരക്ക്) കൂടി കുത്തനെ ഉയർന്നതോടെ ഉത്സവ സംഘാടനത്തിന്റെ താളംതെറ്റുകയാണ്.
തിടമ്പാനകളായി പരിഗണിക്കുന്ന താരമൂല്യമേറിയ കൊന്പന്മാരുടെ ഒരു ദിവസത്തെ നിരക്ക് ശരാശരി മൂന്നുലക്ഷത്തിനു മുകളിലാണ്. ഒരേ ദിവസം ഒന്നിലധികം ആവശ്യക്കാരുണ്ടെങ്കിൽ തുക മോഹവിലയാകും.
എഴുന്നള്ളിപ്പിന് ശരാശരി ഒരുആനയെ കിട്ടാൻപോലും നൽകണം ഒരു ലക്ഷത്തോളം രൂപ. വരാനിരിക്കുന്ന സീസണിൽ ജില്ലയിലെ ചില മുൻനിര ഉത്സവങ്ങൾ ഒരേ ദിവസങ്ങളിൽ വരുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
പരിപാലനച്ചെലവു വർധിച്ചതാണു നിരക്കുയരാൻ കാരണമെന്നു ഉടമകൾ പറയുന്നു. ദിവസം ശരാശരി 5,000 രൂപയിലേറെ ചെലവു വരുന്നുണ്ട്. വനം വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്തു നിലവിൽ നാനൂറോളം ആനകൾ മാത്രമാണുള്ളത്.
ഇവയിൽ പിടിയാനകളെയും പ്രായാധിക്യം മൂലം വിശ്രമിക്കുന്നവരെയും മദപ്പാടിൽ തളച്ചിടുന്നവരെയും അസുഖബാധിതരെയും ഒഴിച്ചുനിർത്തിയാൽ ഇരുനൂറോളം ആനകളെ മാത്രമേ ഉത്സവങ്ങൾക്കു പ്രയോജനപ്പെടുത്താനാകൂ.
പത്തുവർഷം മുൻപ് എഴുനൂറോളം ഉണ്ടായിരുന്ന സംസ്ഥാനത്തിന്റെ ഗജസമ്പത്ത് ഇപ്പോൾ ഏകദേശം പകുതിയായി.
ആനകളുടെ എണ്ണം കുത്തനെ കുറഞ്ഞെങ്കിലും പങ്കെടുക്കുന്ന എഴുന്നള്ളിപ്പുകളുടെ എണ്ണത്തിൽ മാറ്റമില്ല.
കൂടുതൽ ഉത്സവങ്ങൾ ആഘോഷിക്കുന്ന ജില്ലകളിൽ ഒന്നായ പാലക്കാട്ട് ആകെയുള്ളത് 23 ആനകൾ മാത്രമാണ്. നൂറിലേറെ കൊന്പന്മാരുള്ള തൃശൂരാണു സംസ്ഥാനത്തു ഗജസമ്പത്തിൽ മുന്നിലുള്ള ജില്ല.
കൊമ്പന്മാരെ കിട്ടാനില്ലാത്ത സാഹചര്യവും നിരക്കുവർധനയും മൂലം ആനകളുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയിലാണു ജില്ലയിലെ ചില ഉത്സവ സംഘാടകർ. സംസ്ഥാനങ്ങൾക്കിടയിൽ ആനക്കൈമാറ്റത്തിന് അനുമതി നൽകുന്ന ചട്ടങ്ങൾ പ്രാബല്യത്തിലാകുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ.
പുതുവർഷാരംഭത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കൊമ്പന്മാരെ സംസ്ഥാനത്തേക്കു കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.