നെന്മാറ ആതവനാട് ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
1483653
Sunday, December 1, 2024 7:34 AM IST
നെന്മാറ: നെന്മാറ ടൗണിനുസമീപമുള്ള ആതവനാട് കുന്നിൻചെരുവിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരം നാലിനു കച്ചേരിപാടം കെ. ബിജു, അത്തിമറ്റത്തിൽ കെ. ശശി എന്നിവരുടെ റബർതോട്ടത്തിലെ സൗരോർജവേലി തകർത്തെത്തിയ കാട്ടാന അൻപതോളം വാഴകൾ നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ചിട്ടുള്ള സൗരോർജ വൈദ്യുതി വേലി മൂന്നിടങ്ങളിൽ ചവിട്ടി മറിച്ചിട്ടുണ്ട്.
പ്രദേശവാസിയായ ജി. മോഹനന്റെ വീട്ടിനു സമീപവും വൈകിട്ടോടെ കാട്ടാനയെത്തി. പ്രദേശവാസികൾ ഒച്ചവച്ച് ആനയെ തുരുത്തിയെങ്കിലും രാത്രി എട്ടിനു മുടിമലയ്ക്കു സമീപം വീണ്ടുമെത്തി.
വനം അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോത്തുണ്ടി സെക്്ഷനിൽ നിന്നും വനംജീവനക്കാരെത്തി പടക്കം പൊട്ടിച്ചും കൃഷിയിടത്തിൽ തീകൂട്ടിയുമാണ് രാത്രി പത്തോടെആനയെ തുരത്തിയത്.
കഴിഞ്ഞ മൂന്നുദിവസമായി ആതവനാട് കുന്നിൻ ചെരുവിലെ അത്തിമറ്റത്തിൽ ശശി, കെ. മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിൽ ഉൾപ്പെടെ വിവിധ കൃഷിയിടങ്ങളിലായി കാട്ടാന കൃഷിനാശം വരുത്തിയിട്ടുണ്ട്.
മേഖലയിൽ വനംവകുപ്പിന്റെ സൗരോർജ വേലിയോ മറ്റു പ്രതിരോധമാർഗങ്ങളോ ഇല്ലാത്തതു നാട്ടുകാർക്കു വിനയായിട്ടുണ്ട്. അഞ്ചുവർഷം മുമ്പ് ഉരുൾപൊട്ടലുണ്ടായ ആതവനാട് ചേരുംകാട്ടിന്റെ വടക്കുഭാഗത്തുള്ള നെന്മാറപാടം ഭാഗത്തുള്ള ചരുവിലാണ് കാട്ടാനയിറങ്ങിയത്. നെന്മാറ ബസ് സ്റ്റാൻഡിൽനിന്നും രണ്ടര കിലോമീറ്റർ ദൂരം മാത്രമാണ് കാട്ടാന ഇറങ്ങിയ സ്ഥലത്തേക്കുള്ളത്.
നെന്മാറ പാടം, നെടുങ്ങോട് തുടങ്ങിയ ജനവാസ മേഖലയും അടുത്തടുത്താണ്.