മണ്ണാർക്കാട്ടെ ഭൂമി തട്ടിപ്പ് : പട്ടികജാതി, ഗോത്ര കമ്മീഷൻ ഉത്തരവുകൾ നടപ്പാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
1483652
Sunday, December 1, 2024 7:34 AM IST
പാലക്കാട്: ഭൂരഹിത ഭവനരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സ്ഥലംവാങ്ങി നൽകുന്ന പദ്ധതിയിൽ തട്ടിപ്പുനടത്തി വീട് നിർമിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലം ഇടനിലക്കാരൻ വാങ്ങി നൽകിയെന്ന പരാതിയിൽ ഇടപെട്ടു മനുഷ്യാവകാശ കമ്മീഷൻ.
തട്ടിപ്പിനിരയായ 20 പേർക്കും വാസയോഗ്യവും സഞ്ചാരയോഗ്യവുമായ സ്ഥലം കണ്ടെത്തി നൽകുന്നതിന് പട്ടികജാതി വികസന ഓഫീസറെയും തഹസിൽദാറെയും ചുമതലപ്പെടുത്തണമെന്ന പട്ടികജാതി, ഗോത്രവർഗ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്.
ഈ ഉത്തരവുകൾ നടപ്പിലാക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നു കാണിച്ച് പട്ടികജാതി വികസനവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും പട്ടികജാതി വികസന ഡയറക്ടർക്കുമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മണ്ണാർക്കാട് കൊറ്റിയോട് സ്വദേശിനി സരോജിനി ഉൾപ്പെടെ 19 പേർ സമർപ്പിച്ച പരാതിയിലാണ് നടപടി.