തൊഴിലുറപ്പുതൊഴിലാളിയെ പാമ്പുകടിച്ചു; ചികിത്സയിൽ
1483651
Sunday, December 1, 2024 7:34 AM IST
നെന്മാറ: തൊഴിലുറപ്പ് തൊഴിലാളിയെ പണിക്കിടയിൽ പാമ്പുകടിച്ചു. അയിലൂർ പഞ്ചായത്തിലെ കരിമ്പാറ നിരങ്ങൻപാറയിൽ വനമേഖലയിൽ മഴക്കുഴി നിർമാണത്തിൽ ഏർപ്പെട്ട ആലമ്പള്ളം സ്വദേശി ഷക്കീല(45) യെയാണ് പാമ്പുകടിച്ചത്.
രാവിലെ ഭക്ഷണത്തിനായി പത്തരയോടെ സമീപത്തെ പാറയുടെ മുകളിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെ ചുവട്ടിലെ കരിയിലകൾക്കടിയിൽ കിടന്ന പാമ്പിനെ ചവിട്ടിയതിനെ തുടർന്നാണ് അണലി വിഭാഗത്തിൽപ്പെട്ട പാമ്പ് കടിച്ചത്.
ഉടൻതന്നെ മറ്റു തൊഴിലാളികളുടെ സഹായത്തോടുകൂടി ഷക്കീലയെ ഓട്ടോറിക്ഷയിൽ നെന്മാറ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. അപകടഘട്ടം തരണം ചെയ്തതായി എഡിഎസ് ജിജാ ബേബി പറഞ്ഞു.
എൺപത്തിനാലോളം തൊഴിലാളികൾ മേഖലയിൽ കഴിഞ്ഞ ആറുദിവസമായി വനമേഖലയിൽ മഴക്കുഴിനിർമാണ ജോലിയിൽ ഏർപ്പെടുകയായിരുന്നു.