പച്ചത്തുരുത്തിലെ മുളകൾ വെട്ടിക്കടത്തിയ സംഭവത്തിൽ പിഴയടപ്പിച്ചു
1483650
Sunday, December 1, 2024 7:34 AM IST
വടക്കഞ്ചേരി: മംഗലം പുഴയോരത്തെ പച്ചതുരുത്തിലെ മുളകൾ വെട്ടിക്കടത്തിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി പതിനയ്യായിരം രൂപ പിഴയടപ്പിച്ചു. ഹരിത കേരള മിഷന്റെ ബിഎംസി അക്കൗണ്ടിലേക്കാണ് തുക അടപ്പിച്ചത്.
മാപ്പപേഷയും എഴുതിവാങ്ങിയെന്നു ബിഎംസി കൺവീനർ കെ.എം. രാജു പറഞ്ഞു. പിഴ അടച്ചില്ലെങ്കിൽ നിയമ നടപടികളിലേക്കു പോകുമെന്ന പച്ചത്തുരുത്ത് സംരക്ഷണ ചുമതലയുള്ള ബിഎംസി സമിതി അംഗങ്ങൾ കടുത്ത നിലപാടെടുത്തതോടെയാണ് പിഴയടച്ച് വിഷയം ഒത്തുതീർപ്പാക്കിയത്.
പഞ്ചായത്തിലേക്കു വിളിച്ചുവരുത്തി ചെയ്ത തെറ്റ് ബോധ്യപ്പെടുത്തുകയും മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പുമായിട്ടായിരുന്നു നടപടി. പച്ചത്തുരുത്തിലേക്ക് പോകാൻ തടസമുണ്ടെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റിനോടു ചോദിച്ചപ്പോൾ മുള്ള് വെട്ടിമാറ്റി വഴിയൊരുക്കാനാണ് അനുവാദം നൽകിയത്.
എന്നാൽ മുള്ളുവെട്ടലല്ല മുള കൂട്ടത്തോടെ മുറിച്ചുകടത്തലാണ് നടന്നത്. ശബരിമല സീസണായതിനാൽ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് കടകൾ പണിയുന്നതിനാണ് മുളകൾ മുറിച്ചു കടത്തിയിരുന്നത്. ഹരിത കേരള മിഷന്റെ ഭാഗമായി 2018 ൽ വച്ചുപിടിപ്പിച്ചതാണ് മുളങ്കൂട്ടങ്ങൾ. പഞ്ചായത്തിലെ തന്നെ ആദ്യത്തെ പച്ചത്തുരുത്തു കൂടിയാണിത്.