ലോക എയ്ഡ്സ് ദിനാചരണം നാളെ
1483649
Sunday, December 1, 2024 7:34 AM IST
പാലക്കാട്: ലോക എയ്ഡ്സ് ദിനം നാളെ ആചരിക്കും. ഡിസംബർ ഒന്നിന് ഞായറാഴ്ചയായതിനാൽ ആണു നാളത്തേക്കു ദിനാചരണ പരിപാടികൾ നടത്തുന്നതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ. വിദ്യ പത്രസമ്മേളനത്തിൽ പറഞ്ഞു.
എച്ച്ഐവി അണുബാധിതരോടു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് എയ്ഡ്സ് ദിനം ആചരിക്കുന്നത്. എയ്ഡ്സ് ബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണ്. ചികിത്സ ഫലപ്രദമാണെന്നും അണുബാധിതരുടെ രോഗാവസ്ഥ നേരത്തെ അറിഞ്ഞാൽ ഇതു നിയന്ത്രിക്കാൻ കഴിയുമെന്നും ഡിഎംഒ വ്യക്തമാക്കി. എയ്ഡ്സ് ദിനാചരണത്തിനു മുന്നോടിയായി ഇന്നു വൈകുന്നേരം അഞ്ചിന് ചെറിയ കോട്ടമൈതാനത്ത് ദീപംതെളിയിക്കും.
തുടർന്ന് കഥാപ്രസംഗവും കലാപരിപാടികളും നടക്കും. നാളെ രാവിലെ മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിനു സമീപത്തുനിന്നും ബോധവത്കരണ റാലി ആരംഭിക്കും. തുടർന്ന് സെന്റ് ആൻസ് സ്കൂളിൽ നടക്കുന്ന പൊതുസമ്മേളനം എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സി. ഹരിദാസൻ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ദിശ മാനേജർ സുനിൽകുമാർ എസ് എന്നിവരും പങ്കെടുത്തു.