തളികക്കല്ല് ആദിവാസി കോളനിയിൽ എച്ച്1 എൻ1 വകഭേദം കണ്ടെത്തി
1483646
Sunday, December 1, 2024 7:34 AM IST
മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനുള്ളിലെ തളികകല്ല് ആദിവാസി കോളനിയിൽ എച്ച് വൺ, എൻ വൺ പനിയുടെ വകഭേദമായ എച്ച് ത്രീ എൻ ടു പനി പടരുന്നു.
പനിബാധിച്ച് കുട്ടികൾ ഉൾപ്പെടെ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കോളനിയിൽ കൂടുതൽപേർക്ക് സമാന രോഗലക്ഷണങ്ങളുമുണ്ട്. മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ടെന്നു വണ്ടാഴി ഹെൽത്ത് ഇൻസ്പെക്ടർ അൻവർ പറഞ്ഞു. വായുവിലൂടെ പടരുന്ന വൈറസ് രോഗമായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
മറ്റു പ്രദേശങ്ങളിലേക്കും കൂടുതൽ ആളുകളിലേക്കും പനി പടരാതിരിക്കാൻ ഡിഎംഒയുടെ നേതൃത്വത്തിൽ ദിവസവും വിലയിരുത്തൽ നടത്തിവരികയാണ്. വണ്ടാഴിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇതിനകം കോളനിയിൽ നാലു തവണ ക്യാമ്പ് സംഘടിപ്പിച്ചു. പനി ലക്ഷണമുള്ളവർക്ക് മരുന്നുനൽകി കുട്ടികൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.
പഞ്ചായത്ത് മെംബർ ബീന ഷാജി, അങ്കണവാടി വർക്കർമാർ, ആശാവർക്കർമാർ, വനം, പോലീസ് തുടങ്ങിയവർ ഉൾപ്പെടെ സംഘമായിതന്നെ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കു സജീവമായുണ്ട്.
മെഡിക്കൽ ക്യാമ്പുകളിൽ പരിശോധനക്കെത്താത്തവരുടെ വീടുകളിൽപോയി ചികിത്സ നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അൻവർ പറഞ്ഞു. വനത്തിനുള്ളിൽ ഒറ്റപ്പെട്ട ഈ കോളനിയിൽ രോഗം എങ്ങനെ പിടിപ്പെട്ടു എന്നതും പരിശോധിച്ചു വരികയാണ്.
കടപ്പാറയിൽ നിന്നും ആറുകിലോമീറ്ററോളംദൂരം വനത്തിലൂടെയും മറ്റും യാത്ര ചെയ്തുവേണം കോളനിയിലെത്താൻ. വൈകുന്നേരമായാൽ വഴിയിൽ ആനയുണ്ടാകും. ഇതിനാൽ യാത്രകളും അപകടകരമാണ്.