പന്നിയങ്കരയിൽ കത്തിക്കയറി പ്രദേശവാസികളുടെ ടോൾപ്രശ്നം
1483645
Sunday, December 1, 2024 7:34 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കും പ്രദേശത്തെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും സ്ഥിരമായുള്ള സൗജന്യ പാസ് വിതരണം ചെയ്യണമെന്ന ആവശ്യം ശക്തം.
ടോൾ പ്ലാസയുടെ നിശ്ചിത ദൂരപരിധിയിലുള്ളവർക്ക് സൗജന്യ പാസ് വ്യവസ്ഥ നിയമാനുസൃതമുള്ളതാണ്. എന്നാൽ ഈ നിയമ സംരക്ഷണം മറച്ചുവച്ച് ഇടയ്ക്കിടെ ടോൾ പിരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തന്ത്രം ആരുടെയൊക്കെയോ മുതലെടുപ്പിനുള്ള അവസരങ്ങളാക്കുകയാണെന്നാണ് ആക്ഷേപം. പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന ഭീഷണി സംബന്ധിച്ച് അടുത്ത ദിവസംതന്നെ ചർച്ച നടക്കും.
തൽക്കാലം ടോൾ പിരിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തി ചർച്ച അവസാനിപ്പിക്കും. രണ്ടുമാസം കഴിഞ്ഞാൽ വീണ്ടും ഈ നാടകം അരങ്ങേറും. പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം അകലെ നിൽക്കുകയാണിപ്പോഴും. ഇതിന് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും ആത്മാർഥമായ നിലപാടുകൾ കൈക്കൊള്ളണമെന്നാണ് ആവശ്യം. ഡിസംബർ ആദ്യ ആഴ്ച മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കുമെന്നാണ് ടോൾ കമ്പനിയുടെ പുതിയ ഭീഷണി.
കഴിഞ്ഞ കുറച്ചുകാലമായി ടോൾ കമ്പനി നടത്തുന്ന ഭീഷണികളാണിത്. പ്രദേശവാസികളുടെ യാത്രാ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന വിലക്കുകളുമായി കരാർ കമ്പനി രംഗത്തു വരുന്നത് നിയമ ലംഘനമാണ്.
സൗജന്യ പാസ് നൽകുന്നതിനു പകരം പ്രതിമാസം 340 രൂപയുടെ പാസ് എടുക്കണം എന്നാണ് അറിയിപ്പ്. തല വച്ചുകൊടുത്താൽ പിന്നെ തല വെട്ടുന്ന തന്ത്രങ്ങളാണ് ടോൾ കമ്പനിയുടെതെന്ന് പ്രദേശവാസികൾ അനുഭവങ്ങളിലൂടെ പലതവണ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ തങ്ങൾക്ക് താത്പര്യമില്ല എന്നാൽ നാഷണൽ ഹൈവേ അഥോറിറ്റിയാണ് ടോൾ പിരിക്കാൻ നിർബന്ധിക്കുന്നതെന്നാണ് ടോൾ കമ്പനിയുടെ എല്ലാ കാലത്തേയും വിശദീകരണം.
അതേസമയം, മറ്റു വാഹനങ്ങളിൽ നിന്നും ഈടാക്കുന്ന ടോൾ നിരക്ക് ഇടയ്ക്കിടെ ഉയർത്തി കൊണ്ടിരിക്കുന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. 2022 മാർച്ച് ഒമ്പത് മുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത്. ഇതിനിടെ നാലിൽ കൂടുതൽ തവണ ടോൾ നിരക്ക് കൂട്ടി.