ദീപിക കളർ ഇന്ത്യ സീസൺ- 3 ജില്ലാതല സമാപനസമ്മേളനം : ഒരേ ഇന്ത്യ എന്ന ബോധ്യം വളർത്താൻ കളർ ഇന്ത്യ മത്സരം സഹായിക്കും: മാർ പോൾ ആലപ്പാട്ട്
1483187
Saturday, November 30, 2024 4:05 AM IST
കോയമ്പത്തൂർ: ദീപിക കളർ ഇന്ത്യ സീസൺ- 3 യുടെ ജില്ലാതല സമാപനസമ്മേളനം നടത്തി. ജാതി-മത-വർഗ-നിറ വ്യത്യാസങ്ങൾക്കിടയിലും ഒരേ ഇന്ത്യ എന്ന ബോധ്യം കുട്ടികൾക്കിടയിൽ വളർത്താൻ കളർ ഇന്ത്യ പോലെയുള്ള മത്സരങ്ങൾ സഹായിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് പറഞ്ഞു.
രാമനാഥപുരം ഹോളി ട്രിനിറ്റി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപനസമ്മേളനത്തിൽ ദീപിക രൂപത കോ-ഓർഡിനേറ്റർ ഫാ. ജിയോ കുന്നത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. ദീപിക തൃശൂർ മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി സ്വാഗതമാശംസിച്ചു. രൂപത പിആർഒയും ട്രിനിറ്റി സ്കൂൾ കറസ്പോണ്ടന്റുമായ റവ. ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ ആശംസനേർന്നു. തുടർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് കോയമ്പത്തൂർ എജിഎം ജോഷി ആന്റണി, സ്കൂൾ പ്രിൻസിപ്പൽ ഡോ. ജെ. ധനലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു. ദീപിക കോയമ്പത്തൂർ ഏരിയ മാനേജർ ജി. സന്തോഷ് നന്ദിപറഞ്ഞു. രാമനാഥപുരം ഹോളി ട്രിനിറ്റി ഇടവക കൈക്കാരന്മാരായ ജെർസൺ ജോർജ്, സ്കറിയ ബൈജു, ദീപിക മാർക്കറ്റിംഗ് മാനേജർ വി. മനോജ്, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.