അവഗണനയുടെ പാളങ്ങളിലൂടെ...ഒറ്റപ്പാലം, ഷൊർണൂർ സ്റ്റേഷനുകളോടു ചിറ്റമ്മനയം
1483181
Saturday, November 30, 2024 4:05 AM IST
ഒറ്റപ്പാലം: ഷൊർണൂർ, ഒറ്റപ്പാലം സ്റ്റേഷനുകളെ റെയിൽവേ അവഗണിക്കുന്നതായി പരാതി. സമയ നഷ്ടമെന്ന കാരണത്താൽ തൃശൂർ ഭാഗത്തുനിന്ന് പാലക്കാട്ടേക്കുവരുന്ന ട്രെയിനുകളൊന്നുംതന്നെ ഷൊർണൂർ ജംഗ്ഷനിൽ പ്രവേശിക്കാതായിട്ടു നാളേറെയായി.
എൻജിൻ മാറ്റേണ്ടിവരുന്നതിനുള്ള സമയനഷ്ടവും സാങ്കേതിക പ്രയാസങ്ങളുമാണ് ഷൊർണൂരിനെ ഒഴിവാക്കിയോടാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. ഇതോടെ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രധാന സ്റ്റേഷനായി ഒറ്റപ്പാലം മാറിയിരുന്നു. എന്നാൽ ഇതുവഴി കടന്നുപോകുന്ന പകുതിയോളം ട്രെയിനുകളും ഒറ്റപ്പാലത്തു നിർത്തുന്നില്ല.
ഷൊർണൂർ സ്റ്റേഷനിൽ കയറാത്ത സാഹചര്യത്തിലും ഒറ്റപ്പാലത്തു കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിച്ചിട്ടില്ല. ആകെ 52 ട്രെയിനുകളാണ് എറണാകുളം, തൃശൂർ ഭാഗത്തുനിന്ന് പാലക്കാട്, കോയമ്പത്തൂർ ഭാഗത്തേക്കു ആഴ്ചയിൽ സഞ്ചരിക്കുന്നത്.
ഇതിൽ തൃശൂർ ഭാഗത്തുനിന്ന് വരുന്നവയിൽ 16 ട്രെയിനുകൾ മാത്രമാണ് ഒറ്റപ്പാലത്തു നിർത്തുന്നത്. പാലക്കാട് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കുള്ള യാത്രയിലും ഇത്ര ട്രെയിനുകൾ മാത്രമാണ് ഒറ്റപ്പാലത്തു നിർത്തുന്നത്.
ഒറ്റപ്പാലത്തുകൂടി കടന്നുപോയിട്ടും തൃശൂരിൽനിന്നുള്ള യാത്രക്കാർക്ക് 36 ട്രെയിനുകളുടെ സേവനം ലഭിക്കില്ലെന്നതാണു നിലവിലെ സ്ഥിതി. ഇതിൽ പ്രധാന ദീർഘദൂര ട്രെയിനുകളുമുണ്ട്.
ഷൊർണൂർ എ, ബി കാബിൻ പ്രദേശത്തുകൂടി കടന്നുവരുന്ന മിക്ക ട്രെയിനുകളും തൃശൂർ കഴിഞ്ഞാൽ പാലക്കാട്ടാണ് നിർത്തുന്നത്. ഷൊർണൂരിലെത്തി നിലമ്പൂർ ഭാഗത്തേക്കുള്ള കണക്്ഷൻ ട്രെയിനുകളെ ആശ്രയിക്കാനും ഒറ്റപ്പാലത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിച്ചാൽ സാധിക്കും.
ഒറ്റപ്പാലത്ത് വന്നിറങ്ങി സമീപത്തുള്ള ബസ്സ്റ്റാൻഡിൽനിന്ന് ബസ് കയറിയാൽ 35 മിനിറ്റിനകം ഷൊർണൂരിലെത്താം. ഷൊർണൂരിനെ അവഗണിക്കുന്നതിനെക്കാൾ കൂടുതൽ ഒറ്റപ്പാലത്തേയും റെയിൽവേ അവഗണിക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി.
ഷൊർണൂർ- കുറ്റിപ്പുറം തീരദേശപാത
പദ്ധതി ത്രിശങ്കുവിൽ
ഷൊർണൂർ: ഭരണാനുമതി ലഭിച്ച് വർഷങ്ങളായിട്ടും കുറ്റിപ്പുറം- ഷൊർണൂർ തീരദേശപാത പദ്ധതി എങ്ങുമെത്തിയില്ല.
തുടർച്ചയായി വന്ന രണ്ടുപ്രളയങ്ങളുടെ പശ്ചാത്തലത്തിൽ 2020 ജൂണിൽ വീണ്ടും പഠനറിപ്പോർട്ട് തയാറാക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട സർവേനടപടി പൂർത്തിയായാൽ മാത്രമേ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താനാവുകയുള്ളൂ. 2015 ൽ ബജറ്റിലുൾപ്പെടുത്തിയ പദ്ധതിക്ക് 2016 ലാണ് ഭരണാനുമതി ലഭിച്ചത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവർക്ക് യാത്രാദൂരം കുറയ്ക്കുന്നതും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി. പട്ടാമ്പിയിൽ പുതിയ പാലംകൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് പാലം ഇതിൽനിന്നുമാറ്റി.
കുറ്റിപ്പുറം- പട്ടാമ്പി, പട്ടാമ്പി- ഷൊർണൂർ ഭാഗങ്ങളാക്കി രണ്ടുഘട്ടമായി നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പട്ടാമ്പി പാലം പദ്ധതിയിൽ തീരദേശപാതയ്ക്കായി പട്ടാമ്പിയിൽ പുതിയ ജംഗ്ഷനുള്ള സ്ഥലംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടാമ്പിപാലം മുതൽ ചെങ്ങണാംകുന്നുവരെയാണ് ഇപ്പോൾ റോഡുള്ളത്. ഈ റോഡിനു എട്ടുമീറ്റർ വീതിയാണുള്ളത്.
ഓങ്ങല്ലൂർ ചെങ്ങണാംകുന്നിലാണ് നിലവിൽ നിർദിഷ്ട കുറ്റിപ്പുറം- ഷൊർണൂർ തീരദേശറോഡിന്റെ ഭാഗം അവസാനിക്കുന്നത്. ഇവിടെ പൊതുമരാമത്ത് റോഡിന്റെ വീതിയനുസരിച്ച് സ്ഥലമേറ്റെടുക്കൽ വേണ്ടിവരും. വീതികൂട്ടാൻ സ്വകാര്യ ഉടമകളുടെയടക്കം സ്ഥലം ഏറ്റെടുക്കണം. പലയിടത്തും പുതുതായി റോഡ് നിർമിക്കണം. പുഴയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചുവരെ റോഡ് പണിയേണ്ടിവരും.