നവീകരണം ഓട്ടയടയ്ക്കലിൽ ഒതുക്കുന്നു; മംഗലം-ഗോവിന്ദാപുരം പാതയ്ക്ക് വീണ്ടും അവഗണന
1482961
Friday, November 29, 2024 5:08 AM IST
വടക്കഞ്ചേരി: പൂർണമായും തകർന്നു കിടക്കുന്ന മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാതയുടെ നവീകരണം വീണ്ടും ഓട്ടയടയ്ക്കലിൽ ഒതുക്കുന്നു. മംഗലംപാലം മുതൽ ചിറ്റിലഞ്ചേരി വരെയുള്ള ആറുകിലോമീറ്റർ ദൂരത്താണ് ഓട്ടയടയ്ക്കൽ പണികൾ ഇന്നലെ ആരംഭിച്ചിട്ടുള്ളത്. വലിയ കുഴികളുള്ള ഭാഗത്തുമാത്രമാണ് റീടാറിംഗ് വർക്ക് നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
ഫണ്ടില്ലാതെ സർക്കാർ നട്ടം തിരിയുമ്പോൾ ഇതുതന്നെ ചെയ്യാൻ സാധിക്കുന്നതു ഭാഗ്യമെന്നാണ് അധികൃതർ പറയുന്നത്. ഓട്ടയടച്ച ഭാഗങ്ങൾക്ക് ദീർഘായുസുണ്ടാകുമെന്ന് അധികൃതർ ഉറപ്പുപറയുന്നുണ്ടെങ്കിലും എല്ലാം കണ്ടറിയേണ്ടിവരുമെന്നാണ് വാഹനയാത്രികരുടെ പക്ഷം.
ടാറിംഗ് കാണാത്തവിധം ഏറെ തകർന്ന നിലയിലാണ് പാതയുള്ളത്. മഴക്കാലത്ത് നിരവധി തവണ ക്വാറി വേസ്റ്റ് തള്ളിയാണ് റോഡിലെ വലിയ പാതാളക്കുഴികൾ നിറച്ചിരുന്നത്. മഴ മാറിയതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ പ്രദേശമാകെ പൊടിമൂടി നിറയുന്ന സ്ഥിതിയാണ്. 13 വർഷം മുമ്പ് 2011 ലാണ് സംസ്ഥാനപാത നല്ല രീതിയിൽ റീടാറിംഗ് നടത്തി നവീകരിച്ചത്.
പിന്നീട് ഇത്രയും കാലം റോഡ് തകരുമ്പോഴെല്ലാം ഓട്ടയടക്കലിൽ ഒതുക്കി സംസ്ഥാനപാതയെ അവഗണിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. കേന്ദ്രസർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പാതയെ ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇതിനിടെ പ്രഖ്യാപനമുണ്ടായി. ഇതേതുടർന്നാണ് പാതയുടെ ദുരവസ്ഥ തുടങ്ങിയത്.
വലിയ നവീകരണം വരുന്നു എന്ന് പറഞ്ഞ് കാലാകാലങ്ങളിലുള്ള അറ്റകുറ്റപണികളും ഇല്ലാതായി. നിലവിലുള്ള പാത വികസിപ്പിച്ച് നവീകരിക്കാനുള്ള നിർദേശമാണ് കേന്ദ്ര സർക്കാരിന്റെ റോഡ് മന്ത്രാലയം പ്രാഥമികമായി പരിഗണിക്കുന്നത്. ഇതിനാവശ്യമായ സർവേ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ഏത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണെങ്കിലും റോഡ് വാഹനഗതാഗതത്തിന് ഉതകും വിധം മെച്ചപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.