പോത്തുണ്ടി ചെക്ക്പോസ്റ്റിനടുത്ത് കുടയുടെ സമീപം കാട്ടാനയെത്തി
1478372
Tuesday, November 12, 2024 5:27 AM IST
നെന്മാറ: പോത്തുണ്ടി ചെക്ക്പോസ്റ്റിനു സമീപം പകൽ കാട്ടാന ഇറങ്ങി. ഇന്നലെ വൈകിട്ട് നാലോടെയാണ് ആനയെത്തിയത്.
പോത്തുണ്ടി അണക്കെട്ടിന്റെ ഇടത്തെയറ്റത്തെ കുട എന്ന പേരിൽ അറിയപ്പെടുന്ന ചുരം റോഡ് വളവിലെ വനം വകുപ്പിന്റെ ഗേറ്റ് തകര്‍ത്താണ് പിടിയാന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കിടയിലൂടെ റോഡിലൂടെ നടന്ന് പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിനു മുന്നിലെത്തിയത്.
അതുവഴി വാഹനത്തിൽ വന്ന യാത്രക്കാർക്കും മറ്റും കാട്ടാന കൗതുകകാഴ്ച നൽകി.
ഏറെനേരം റോഡിൽനിന്ന ആന സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് പിൻവശത്തു കൂടെ കുറ്റിയറ പൗലോസിന്റെ റബർതോട്ടത്തിലും തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന പ്രഭാകരൻ, അച്ചു എന്നിവരുടെ സ്ഥലത്തും കാട്ടാന ഇറങ്ങി. പ്രദേശവാസികൾ ചെക്ക് പോസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് വനംജീവനക്കാർ പടക്കം പൊട്ടിച്ച് കാട്ടാനയെ തുരത്തി.
തച്ചക്കോറ, കോതശേരി ഭാഗത്തേക്ക് വനമേഖലയോട് ചേർന്ന് കാട്ടാന പോയതായി പ്രദേശവാസികൾ പറഞ്ഞു.