മംഗലംഡാം പോലീസ് സ്റ്റേഷനു സമീപവും മദ്യവില്പന തകൃതി
1467650
Saturday, November 9, 2024 5:30 AM IST
മംഗലംഡാം: ഇരുപത്തിനാലു മണിക്കൂറും വിളിച്ചാൽ വിളിപ്പുറത്തു മദ്യം എത്തുന്ന വിധം നാട്ടിൻപുറങ്ങളിലെല്ലാം മദ്യവിൽപ്പന തകൃതി. മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന സർക്കാരും നിഷ്ക്രിയമായ മദ്യവിരുദ്ധസമിതികളുമായപ്പോൾ കുടുംബങ്ങളിലെല്ലാം അശാന്തിയും അസമാധാനവുമായി.
ബീവറേജസിന്റെ ഔട്ട് ലെറ്റുകളിൽ നിന്നും വലിയ തോതിൽ മദ്യം വാങ്ങിക്കൊണ്ടുവന്ന് വീടുകൾ കേന്ദ്രീകരിച്ചും ഇരുചക്രവാഹനങ്ങളിലുമായി കൂടിയ വിലയ്ക്കാണ് വിൽപ്പന പൊടിപൊടിക്കുന്നത്. ആശുപത്രികളിലെ അത്യാഹിതവിഭാഗം പോലെ ഏത് സമയത്തും മദ്യം ലഭ്യമാണ്. കൂലിപ്പണിക്ക് പോയി കിട്ടുന്ന കൂലിയെല്ലാം ഇത്തരം വിൽപ്പനക്കാരിലാണ് എത്തുന്നത്. മംഗലംഡാം പോലീസ് സ്റ്റേഷനു സമീപത്തെ ചെറിയ റോഡുകളിലും മലയോരത്തുമെല്ലാമുണ്ട് മദ്യവിൽപ്പന.
ഏതുസമയവും ഇതുവഴി പോകുന്ന പോലീസും എക്സൈസും ഇതൊന്നും കാണാതിരിക്കാനോ കേൾക്കാതിരിക്കാനോ വഴിയില്ല. കുപ്പിയായി വാങ്ങാൻ പണമില്ലെങ്കിൽ പെഗ് രീതിയിലും ലഭ്യമാണ്.
കിഴക്കഞ്ചേരി കൊട്ടേക്കുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സഞ്ചരിക്കുന്ന ബാറുകളിലാണ് ഈ സൗകര്യമുള്ളത്. ഒരു ദിവസം ക്വാർട്ടറും ഫുള്ളുമായി നൂറോളം കുപ്പികൾ വിൽപ്പന നടത്തുന്നവർ വരെയുണ്ടെന്ന് പറയുന്നു. ദിവസം വലിയ അധ്വാനമില്ലാതെ രണ്ടായിരം രൂപ പോക്കറ്റിലാകും.
രാപ്പകൽ വ്യത്യാസമില്ലാതെ ഇത്തരക്കാരുടെ സേവനം നാട്ടുകാർക്ക് ലഭ്യവുമാണ്. ഓരോ വിൽപ്പനക്കാർക്കും നിശ്ചിത ഏരിയയുണ്ട്. മലയോരമേഖല ഉൾപ്പെടെ ഈ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ദൂരമനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും.വിദൂര മലമ്പ്രദേശമായ പാലക്കുഴി വരെയും മദ്യവിതരണമുണ്ട്. മദ്യത്തിനു പുറമെ നിരോധിത പുകയില ഉത്പന്നങ്ങളും ഇത്തരക്കാരുടെ സേവനങ്ങളിൽപെടുന്നുണ്ട്. അത്യാവശ്യക്കാർക്ക് ടച്ചിംഗ്സ്, വെള്ളം, സോഡ എന്നിവയും ലൈനിൽ ലഭ്യമാണ്. ഇവരുടെ ഭാഷയിൽ ജിഎസ്ടി അടക്കം സാധനത്തിന് വില കൂടുമെന്നു മാത്രം.
കുടുംബങ്ങൾ തകർന്നാലും മദ്യവിൽപ്പന വഴിയുള്ള വരുമാനം കൂടാൻ പ്രോത്സാഹനം നൽകുന്ന സർക്കാർ നാട്ടിൻപുറങ്ങളിലും ബീവറേജസിന്റെ കൂടുതൽ ഔട്ട് ലെറ്റുകൾ തുടങ്ങി കൂലി പ്പണിക്കാരായ പാവങ്ങളുടെ പണം ഇടനിലക്കാർ കൊള്ളയടിക്കുന്നത് തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.