നാലമ്പലദർശന പുണ്യത്തിന് ഒരുങ്ങി ശ്രീവില്വാദ്രിനാഥ ക്ഷേത്രം
1576432
Thursday, July 17, 2025 1:55 AM IST
തിരുവില്വാമല: ക്ഷേത്രങ്ങളിൽ ഇനി ഒരു മാസക്കാലം രാമായണ മാസാചരണത്തിന്റെ നാളുകൾ. ശ്രീവില്വാദ്രിനാഥക്ഷേത്രം, പറക്കോട്ടുകാവ്, പാമ്പാടി സോമേശ്വരം മഹാദേവക്ഷേത്രം, കൊച്ചുപറക്കോട്ടുകാവ്, വടക്കേ കൂട്ടാല ഭദ്രകാളിക്ഷേത്രം തുടങ്ങി മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ശ്രീരാമ - ലക്ഷ്മണൻമാരുടെ പ്രതിഷ്ഠയുള്ള വില്വാദ്രിനാഥ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് നാലമ്പലദർശനത്തിന് ഇന്ന് തുടക്കമാകും.
ശ്രീരാമ-ലക്ഷ്മണ-ശത്രുഘ്ന ക്ഷേത്രദർശനപൂർത്തീകരണങ്ങൾ ഒരു ദിവസംതന്നെ നടത്തുന്ന പാലക്കാട് കേന്ദ്രീകരിച്ചുള്ള നാലമ്പലദർശനപാതയിൽ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം, 18 കിലോമീറ്റർ അകലെ പാലക്കാട് കുഴൽമന്ദത്തിനടുത്തുള്ള പുൽപ്പുര മന്ദം ഭരതക്ഷേത്രം, കൽക്കുളം ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഉൾപ്പെടുന്നത്. ഈ പാത താരതമ്യേന തിരക്കു കുറഞ്ഞതും പാലക്കാടിന്റെ പ്രകൃതിഭംഗിയുടെ പാശ്ചാത്തലമുള്ളതുമാണ്. ഇരട്ട ശ്രീകോവിലുകളുള്ള ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിൽ ഹനുമാൻസ്വാമിയെ കൂടി ദർശിക്കാമെന്നതാണ് ഈ നാലമ്പലദർശനത്തിലെ മറ്റൊരു മാഹാത്മ്യം.
രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാമായണ പാരായണം, പ്രസാദ ഊട്ട്, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ക്ഷേത്രത്തിൽ ഇന്നു വൈകീട്ട് 6.30ന് അകലൂർ ഭഗവതി നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താർച്ചന അരങ്ങേറും.