ഹോമിയോപ്പതി ജില്ലാ ആശുപത്രി വിഭാഗത്തിൽ ഒന്നാംസ്ഥാനം
1576409
Thursday, July 17, 2025 1:55 AM IST
തൃശൂർ: പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് അവാർഡ് പ്രഖ്യാപനത്തിൽ അംഗീകാരനിറവിൽ ജില്ല. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളിൽ 99.17 ശതമാനം മാർക്ക് നേടി തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാംസ്ഥാനം കരസ്ഥമാക്കി. സർക്കാർ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധനിയന്ത്രണം എന്നിവയിൽ സംസ്ഥാനത്തു മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് പുരസ്കാരം. പത്തുലക്ഷം രൂപയാണ് അവാർഡ് തുകയായി ആശുപത്രിയുടെ തുടർപ്രവർത്തനങ്ങൾക്കായി ലഭിക്കുക.
ഐഎസ്എം സബ് ജില്ലാ ആശുപത്രി വിഭാഗത്തിൽ ചേലക്കര ഗവ. ആയുർവേദ ആശുപത്രി ഒരു ലക്ഷം രൂപയുടെ കമൻഡേഷൻ അവാർഡ് കരസ്ഥമാക്കി. 95.09 ശതമാനം മാർക്ക് നേടിയാണ് പുരസ്കാരം നേടിയത്. ഐഎസ്എം, ഹോമിയോപ്പതി വകുപ്പുകളിൽ ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങൾക്കു ജില്ലാ അടിസ്ഥാനത്തിൽ 98.33 ശതമാനം മാർക്ക് നേടി കയ്പമംഗലം ആയുർവേദ ഡിസ്പെൻസറിയും, 99.58 ശതമാനം മാർക്കോടെ അയ്യന്തോൾ ആയുർവേദ ഡിസ്പെൻസറിയും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഒരു ലക്ഷം രൂപവീതമാണ് അവാർഡ് തുകയായി ലഭിക്കുക. ചൊവ്വന്നൂർ, വെള്ളാങ്ങല്ലൂർ, കാടുകുറ്റി, കോലഴി, പുത്തൂർ, കൈപ്പറന്പ് എന്നിവിടങ്ങളിലെ ഡിസ്പെൻസറികൾ ഇതേ വിഭാഗത്തിൽ 30,000 രൂപയുടെ കമൻഡേഷൻ അവാർഡുകൾ നേടി.
സംസ്ഥാനത്തെ സർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് കായകല്പ് അവാർഡുകളുടെ ലക്ഷ്യം.