തൃശൂർ റെയിൽവേ സ്റ്റേഷനിലെ 59 ജീവനക്കാർക്കു ഭക്ഷ്യസുരക്ഷാ പരിശീലനം നൽകി
1576412
Thursday, July 17, 2025 1:55 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ പദ്ധതിക്കു തൃശൂർ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ അഡീഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
തൃശൂർ റെയിൽവേ സ്റ്റേഷൻ പാഴ്സൽ ഹാളിൽ നടന്ന പരിശീലനത്തിൽ 59 ജീവനക്കാർ പങ്കെടുത്തു. എഫ്എസ്എസ്ഐഎ അംഗീകൃത ട്രെയ്നർ ക്ലാസുകൾക്കു നേതൃത്വം നൽകി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ റീട്ടെയിൽ ഔട്ട്ലറ്റുകൾ, റീട്ടെയിൽ കം കാറ്ററിംഗ് സ്ഥാപനങ്ങൾ, ഫുഡ് പ്ലാസകൾ, ഫുഡ് കോർട്ടുകൾ, കിയോസ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശാനുസരണം ഭക്ഷ്യസുരക്ഷാ വകുപ്പ് തൃശൂർ സർക്കിളിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എസ്. സിക്തമോൾ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഭക്ഷ്യസുരക്ഷാ ഓഫീസർ രാജപാണ്ഡ്യൻ, സെൻട്രൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എ. അരുണ്‍, സ്റ്റേഷൻ മാസ്റ്റർ രാം കുമാർ, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ എൽദോ തുടങ്ങിയവർ പങ്കെടുത്തു.