"ആ തോക്ക് ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്നു'
1576427
Thursday, July 17, 2025 1:55 AM IST
തൃശൂർ: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നെഞ്ചിലേക്കു വെടിയുണ്ടകൾ ഉതിർത്ത തോക്ക് ശബ്ദിച്ചു കൊണ്ടേയിരിക്കുന്ന ഭയാനകമായ അന്തരീക്ഷമാണ് ഇന്ന് ഇന്ത്യയിൽ എന്പാടുമെന്നു പി. ബാലചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു.
ജോയിന്റ് കൗണ്‍സിൽ നന്മ സാംസ്കാരികവേദിയുടെ സർഗാത്മക പ്രതിരോധം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശത്തുനിന്നുള്ള കാഴ്ചയിൽ അതിരുകളില്ലാത്ത സുന്ദരമായ ഭൂമി, വിവിധങ്ങളായ അതിരുകൾ സൃഷ്ടിച്ച് അതിനപ്പുറവും ഇപ്പുറവും നിന്ന് പോരടിക്കുന്ന മനുഷ്യരും പൊതു ഇടത്തിൽ ഒരു പൊതിച്ചോറ് തുറന്നു ഭക്ഷിക്കുന്പോൾപോലും അതിലെ മാംസാഹാരം മറച്ചുപിടിക്കേണ്ട വിധത്തിൽ മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളും നമ്മെ ഭയപ്പെടുത്തുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ജോയിന്റ് കൗണ്‍സിൽ സംസ്ഥാനചെയർമാൻ എസ്. സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
എഴുത്തുകാരി ലിസി, യുവകലാസാഹിതി രക്ഷാധികാരി ഇ.എം. സതീശൻ എന്നിവർ പ്രഭാഷണം നടത്തി. കെ.പി. ഗോപകുമാർ, വി.വി. ഹാപ്പി, എം.എസ് സുഗതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.