കളിക്കളം ഇപ്പോള്‍ ചെളിക്കളം
1576419
Thursday, July 17, 2025 1:55 AM IST
ഇരിങ്ങാലക്കുട: ഞാറ്റുവേലകഴിഞ്ഞു, ഇനി ഞാറുനടുവാന് കാത്തിരിക്കുകയാണ് ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം കായിക പ്രേമികള്‍. ഉഴുതുമറിച്ച് വിത്തിറക്കാന്‍ പാകമായിരിക്കുന്ന അവസ്ഥയിലാണു നഗരസഭ മൈതാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. മൈതാനത്തിന്റെ പടിഞ്ഞാറേ അരികില്‍ ഒരിടത്ത് സെപ്റ്റിക് ടാങ്കിന്റെ കുഴിയും മറുഭാഗത്ത് വേസ്റ്റുകള്‍ നിക്ഷേപിച്ച കുഴിയും. ക്രെയിനും ലോറിയും ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ കയറിയിറങ്ങി നഗരസഭയുടെ മൈതാനം ഇപ്പോള്‍ ചെളിപ്പാടമായിരിക്കുകയാണ്.
ശക്തമായ മഴയില്‍ പലപ്പോഴും മൈതാനത്തിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു പതിവായതിനാല്‍ അന്നൊന്നും കണ്ടില്ലെന്നുനടിച്ച നഗരസഭ ഞാറ്റുവേല മഹോത്സവത്തിനു മുന്നോടിയായി മൈതാനത്തിന്റെ ചുറ്റുമുള്ള കാനകളുടെ സ്ലാബുകള്‍ ഇളക്കിമാറ്റി വൃത്തിയാക്കിയിരുന്നു. വടക്കുഭാഗത്തെ കാനവൃത്തിയാക്കലിന് അല്പം വൃത്തി കൂടിപ്പോയി. കാനകളുടെ വീതി കൂടിയതിനാല്‍ സ്ലാബുകള്‍ പകുതിയും കാനകള്ക്കുള്ളിലെ വെള്ളത്തിലാണ്.
പടര്‍ന്നുപന്തലിച്ച് തണലേകിയിരുന്ന ഒരു മരവും ഇവിടെ കടപുഴകി. ഞാറ്റുവേല മഹോത്സവത്തിനു പിന്നാലെ അതേവേദിയില്‍ സിപിഐയുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും അരങ്ങേറി. ഇതിനിടയില്‍ പ്രതിഷേധം ശക്തമായപ്പോള്‍ സെപ്റ്റിക് ടാങ്കിന്റെ കുഴിമൂടി. ഫുഡ് സ്റ്റാളിലെ വേസ്റ്റ് വെള്ളം ഒഴുക്കിവിട്ടിരുന്ന കുഴി ഞാറ്റുവേല മഹോത്സവം കഴിഞ്ഞതിനു പിന്നാലെ മൂടി. ഇനി ഈ മൈതാനം കായികപ്രേമികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം എന്നുനേരെയാകും എന്ന ആശങ്ക ബാക്കിയാവുകയാണ്.
മുമ്പ് ഇവിടെ നടത്തിയ കെഎല്‍ 45 മൈതാനത്തേക്ക് വാഹനം കയറിയതിന്റെ പേരില്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കിയ നഗരസഭയാണ് അടുത്തകാലത്തൊന്നും നേരെയാക്കാന്‍ കഴിയാത്തവിധം മൈതാനത്തെ നശിപ്പിച്ചിരിക്കുന്നത്. ലഹരിക്കെതിരേ ലഹരി കളിക്കളങ്ങളാകട്ടെ എന്ന മുദ്രാവാക്യം മുഴക്കിയ രാഷ്ട്രീയ നേതാക്കളുടെ കൈകള്‍തന്നെ ഇരിങ്ങാലക്കുടയുടെ ഹൃദയമായ മൈതാനത്തെ നാശോന്മുഖമാക്കിയതില് കായികപ്രേമികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.