മഴ വില്ലനായി, കൊയ്ത്ത് പൂര്‍ത്തിയാക്കാതെ കര്‍ഷകര്‍
1536226
Tuesday, March 25, 2025 6:36 AM IST
കോടാലി: വിളഞ്ഞ നെല്ല് കൊയ്തെടുക്കാനാകാത്തതിന്റെ വിഷമത്തിലാണ് മറ്റത്തൂരിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ കര്‍ഷകര്‍. മഴ കനത്തുപെയ്തതാണ് മാങ്കുറ്റിപ്പാടത്തെ മുണ്ടകന്‍ കൊയ്ത്ത് പ്രതിസന്ധിയിലാക്കിയത്. 17 ഹെക്ടറോളം വരുന്ന പാടശേഖരത്തെ നെല്ല് കൊയ്തെടുക്കാന്‍ തുടങ്ങിയ സമയത്ത് മഴയെത്തിയതാണ് ഇവിടത്തെ കര്‍ഷകര്‍ക്ക് വിനയായത്.
മഴയില്‍ മണ്ണ് കുതിര്‍ന്ന കണ്ടങ്ങളില്‍ കൊയത്ത് യന്ത്രമിറങ്ങിയപ്പോള് ചളിയില്‍ പൂണ്ടുപോകുന്ന അവസ്ഥ വന്നതിനെ തുടര്‍ന്ന് കൊയ്ത്ത് നിര്‍ത്തിവയ്ക്കേണ്ടിവന്നു. ചളിയില്‍ താഴ്ന്ന കൊയ്ത്തുയന്ത്രം ടില്ലറുകളുടെ സഹായത്തോടെയാണ് വലിച്ചുപുറത്തെടുത്ത് തിരികെ കൊണ്ടുപോയത്. ഇതുമൂലം മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ ഏതാനും ഏക്കര്‍ സ്ഥലത്തുമാത്രമാണ് ഇതുവരെ കൊയ്ത്തുനടത്താനായത്. മുണ്ടകന്‍ കൊയ്തെടുക്കുമ്പോള്‍ കിട്ടാറുള്ള വൈക്കോല്‍ ഇത്തവണ കര്‍ഷകര്‍ക്ക് ഒട്ടും തന്നെ ലഭിക്കാത്ത സ്ഥിതിയാണ്.
കണ്ടങ്ങളില്‍ വെള്ളവും ചളിയും ഉള്ളതിനാല്‍ കൊയ്ത്തുനടത്തുമ്പോള് തന്നെ വൈക്കോല്‍ ചളിയില്‍ പൂണ്ടുപോകുന്നതാണ് കാരണം. കൃഷിയിറക്കുന്നതിനുള്ള കൂലിച്ചെലവ് മുന്‍ വവര്ഷങ്ങളില് വൈക്കോലിന്റെ വിലയായി കിട്ടാറുള്ളത് ഇത്തവണ ഇല്ലാതായത് കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായിട്ടുണ്ട്.
വേനല്‍മഴ തുടരുകയാണെങ്കില്‍ മാങ്കുറ്റിപ്പാടത്തെ നെല്ല് കൊയ്തെടുക്കാനാകാതെ നശിച്ചുപോകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. വെള്ളത്തിലിറങ്ങി കൊയ്ത്ത് നടത്തുന്ന യന്ത്രം എത്തിച്ച് എത്രയും വേഗം കൊയ്തെടുക്കലാണ് ഇതിനുള്ള പരിഹാരം.
എന്നാല്‍ ഇത് സാധ്യമാകണമെങ്കില്‍ കണ്ടങ്ങളില്വെള്ളം നിറയണം. മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ വഴി വെള്ളം തുറന്നുവിട്ട് പാടശേഖരത്തേക്ക് വെള്ളമെത്തിച്ചാലേ ഇത്തരത്തില്‍ കൊയ്ത്തു നടത്താന്‍ കഴിയൂ.
ഇതിനായി പാടശേഖര സമിതി ഭാരവാഹികള്‍ ഇറിഗേഷന്‍ അധികൃരെ സമീപിക്കുമെന്ന് പഞ്ചായത്തംഗവും പാടശേഖര സമിതി സെക്രട്ടറിയുമായ ശിവരാമന് പോതിയില്‍ പറഞ്ഞു.
കൊയ്്ത്ത് പൂര്‍ത്തിയാക്കാന്‍ വൈകുന്തോറും വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിര്‍ക്കുലകള്‍ ഒടിഞ്ഞു വീഴാനും മഴയില്‍ മുളച്ചുനശിക്കാനും ഇടവരുമെന്നതിനാല്‍ എത്രയും വേഗം കനാല്‍വെള്ളം തുറന്നുവിട്ട് പാടശേഖരത്തില്‍ വെള്ളം നിറയ്ക്കാനും വെള്ളത്തിലിറങ്ങുന്ന യന്ത്രം കൊണ്ടുവന്ന് നെല്‍ക്കതിരുകള്‍ കൊയ്തെടുക്കാനും സൗകര്യമൊരുക്കി തരണമെന്ന അപേക്ഷയാണ് അധികൃതര്‍ക്ക് മന്നില്‍ ഇവിടത്തെ കര്ഷകര്ക്കുവയ്ക്കാനുള്ളത്.