പൂരം പ്രദര്‍ശനം: തറവാടകപ്രശ്നം ഒത്തുതീര്‍ന്നു
1535801
Sunday, March 23, 2025 7:33 AM IST
തൃശൂര്‍: പൂരം പ്രദര്‍ശനവുമായി ബന്ധപ്പെട്ട തറവാടകപ്രശ്നം ഒത്തുതീര്‍ന്നതായി പൂരംപ്രദര്‍ശന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ വന്‍തോതില്‍ തറവാടക വര്‍ധിപ്പിച്ചതിനെതുടര്‍ന്ന് പൂരംപ്രദര്‍ശനം തടസപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം നടത്തിയ ചര്‍ച്ചകളിലാണ് തറവാടകയായി പഴയ നിരക്കുതന്നെ ഈടാക്കാന്‍ തീരുമാനിച്ചത്. ദേവസ്വം മന്ത്രി വി.എന്‍. വാസവനും ഇടപെട്ടിരുന്നു.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിൽ സമാന്തരപ്രദർശനം നടത്താനുള്ള ചർച്ചകൾ ഉപേക്ഷിച്ചതായും പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അറിയിച്ചിട്ടുണ്ട്. പ്രദർശനത്തിനു മുന്‍വര്‍ഷത്തെ കുടിശികയടക്കം 3.16 കോടി തറവാടകയായി നല്‍കണമെന്നായിരുന്നു നേരത്തേ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ നിലപാട്. പുതിയ സാഹചര്യത്തില്‍ മുന്‍വര്‍ഷത്തെ അതേനിരക്കില്‍ വാടക ഈടാക്കിയാല്‍ മതിയെന്നു മന്ത്രി നിര്‍ദേശിച്ചു.
അടുത്തിടെ മുഖ്യമന്ത്രി പൂരംനടത്തിപ്പിനു വിളിച്ചുചേർത്ത ആലോചനായോഗത്തിലും തറവാടകവിഷയം ഉയര്‍ന്നിരുന്നു. പുതിയ കൊച്ചിന് ദേവസ്വം പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയിലും തറവാടക വിഷയമാകില്ലെന്ന ഉറപ്പുനല്‍കിയിരുന്നു. ഇരുസര്‍ക്കാരുകളും സൗഹൃദസമീപനമാണു പൂരംപ്രദര്‍ശന നടത്തിപ്പിനോടു സ്വീകരിക്കുന്നതെന്നു തിരുവന്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ ഭാരവാഹികള്‍ അറിയിച്ചു. പൂരം ചെലവുകള്‍ പൂരംപ്രദര്ശനത്തിന്റെ ലാഭവിഹിതത്തില്നിന്നാണു നടത്തുന്നത്. പൂരംപ്രദര്‍ശനം നടത്തിയാലേ പൂരവും നടത്താനാകൂവെന്ന കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും അവർ വ്യക്തമാക്കി.