വാഹന പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
1535773
Sunday, March 23, 2025 7:03 AM IST
കൊടുങ്ങല്ലൂർ: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസ് വാഹനത്തിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ പൊയ്യ സ്വദേശിയായ ഇറ്റിത്തറ വീട്ടിൽ രാഹുൽ(35) ആണ് അറസ്റ്റിലായത്. തെക്കെനടയിൽ വാഹനപരിശോധന നടത്തിവന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു വെന്നാണ് കേസ്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
വേഗതയിൽ വന്ന കാർ തടഞ്ഞുനിറുത്തി പരിശോധന നടത്തുന്നതിനിടയിൽ കാറിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ പൊലീസ് പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ രാഹുൽ അക്രമാസക്തനാകുകയായിരുന്നു. പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.വി. ബാബുവിനേയും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷമീർ, ഗിരീഷ് എന്നിവരെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകർക്കുകയുംചെയ്തു.
എസ്ഐ ബാബു, എസ്സിപിഒമാരായ ഗിരീഷ്, ഷമീർ എന്നിവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എസ്ഐ ബാബു വിന്റെ വലതു കൈമുട്ടിൽ നാല് സ്റ്റിച്ചുകളുണ്ട്. എസ്സിപിഒ ഷമീറിന്റെ മുഖത്ത് ഇടികൊണ്ടു നീരുവന്നിട്ടുണ്ട്. പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തതിൽ 10,000 രൂപയുടെ നഷ്ടവും സംഭവിച്ചു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ , സബ് ഇൻസ്പെക്ടർ കെ. സലീം, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ കൃഷ്ണ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, സജിത്ത്, ജിനേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.