കോർപറേഷൻ കൗണ്‍സിലിൽ കൊന്പുകോർത്ത് അംഗങ്ങൾ
1535268
Saturday, March 22, 2025 1:00 AM IST
തൃശൂർ: മാലിന്യമുക്ത നവകേരളത്തെച്ചൊല്ലി കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ കൊന്പുകോർത്ത് ഭരണ പ്രതിപക്ഷ അംഗങ്ങൾ. സംസ്ഥാനത്ത് 30 നു നടക്കുന്ന മാലിന്യമുക്ത കേരള പ്രഖ്യാപനത്തിന്റെ ഭാഗമായി കോർപറേഷൻതല പ്രഖ്യാപനം നടത്തുന്നതിനെക്കുറിച്ചുള്ള കൗണ്‍സിൽ യോഗത്തിലാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് കൗണ്‍സിലർമാർ രംഗത്തെത്തിയത്.
നാടൊട്ടുക്കും ലക്ഷങ്ങൾ ചെലവഴിച്ച് കൃത്രിമായി മോടിപിടിപ്പിക്കുന്നതല്ലാതെ മാലിന്യസംസ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച പ്ലാന്റുകൾ പലതും നോക്കുകുത്തികളായിട്ടും കോർപറേഷൻ എന്തുചെയ്തെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ചോദ്യം ഉന്നയിച്ചു.
നിലവിൽ ഫൈവ് സ്റ്റാർ പദവി ലഭിക്കാൻ കാട്ടിക്കൂട്ടുന്ന പരിപാടികൾമാത്രമാണ് കോർപറേഷനുകീഴിൽ നടക്കുന്നത്. 80 ശതമാനം വീടുകളിൽനിന്ന് ഫുഡ് വേസ്റ്റ് ശേഖരിക്കുന്നില്ല. ബാക്കി 20 ശതമാനം ശേഖരിക്കുന്ന ഫുഡ് വേസ്റ്റ് എവിടെയാണ് സംസ്കരിക്കുന്നത് എന്നു ഭരണനേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുവാൻ മുഖ്യമന്ത്രി, പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്നു പ്രതിപക്ഷനേതാവും പെൻഷൻ ഗുണഭോക്താവ് ജീവിച്ചിരിക്കുന്പോൾ ലഭിക്കേണ്ട പെൻഷൻ തുക കുടിശികയാവുന്പോൾ ഗുണഭോക്താവ് മരണപ്പെട്ടതിനുശേഷം അനന്തരവകാശികളിൽനിന്ന് തിരിച്ചടപ്പിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് യുഡിഎഫ് കൗണ്‍സിലർ ജോണ്‍ ഡാനിയലും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വാദപ്രതിവാദങ്ങൾ പലതും നടന്ന യോഗത്തിൽ 30 നു നടത്തുന്ന മാലിന്യ മുക്ത നവകേരള പ്രഖ്യാപനം വിപുലമായി നടത്തുന്നതിനു തീരുമാനമായി.
ഡിവിഷൻതല പ്രഖ്യാപനങ്ങൾ 26നുമുന്പ് പൂർത്തീകരിക്കുന്നതിനും നല്ല റസിഡന്റ്സ് അസോസിയേഷനുകൾ, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടു മാതൃകാപരമായ പ്രവർത്തനം നടത്തിയ വ്യക്തികൾ, സംഘടനകൾ എന്നിവരെ ആദരിക്കുന്നതിനും കോർപറേഷൻതല പ്രഖ്യാപനം 30 നു ശക്തൻ ഗ്രൗണ്ടിൽ നടത്തുന്നതിനും തീരുമാനിച്ചു.