പുലിക്കായി കെണിയൊരുക്കി
1535267
Saturday, March 22, 2025 1:00 AM IST
കൊരട്ടി: മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞതോടെ ഭീതിയിലായ കൊരട്ടി പഞ്ചായത്തിലെ ചിറങ്ങര മംഗലശേരിയിൽ പുലിക്കായി കെണിയൊരുക്കി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് വാർഡ് മെമ്പർ വർഗീസ് പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ആട്ടിൻകുട്ടിയെ ആർആർടി സംഘം കൂട്ടിൽ പ്രത്യേകം സജ്ജമാക്കിയ ഭാഗത്ത് ഇരയായി കെട്ടിയിട്ടിരിക്കുന്നത്.
പുലി അകത്തു പ്രവേശിച്ചാൽ കൂട് അടയുകയും ആട്ടിൻകുട്ടിയെ ഉപദ്രവിക്കാൻ ആകാത്തവിധം കമ്പിവല പ്രതിരോധമായി മാറുകയും ചെയ്യും. കൂടിനുമുകളിൽ വള്ളിപ്പടർപ്പുകൾ ഇട്ടിട്ടുണ്ട്. ഇരയായി നായയെ വയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒറ്റപ്പെടുമ്പോൾ ആട്ടിൻകുട്ടിയുടെ തുടർച്ചയായുള്ള കരച്ചിൽ കേട്ട് പുലി വന്നെത്തുമെന്ന പ്രതീക്ഷയാണ് അധികൃതർക്കും നാട്ടുകാർക്കുള്ളത്. കൂടിനു പരിസരത്തേക്ക് ആരും ചെല്ലരുതെന്നു നിർദേശമുണ്ട്. മനുഷ്യന്റെ സാന്നിധ്യം മണത്തിലൂടെ തിരിച്ചറിയാൻ പുലിക്കു കഴിയുമെന്നതിനാലാണ് ഇത്തരമൊരു നിർദേശം.
ഇന്നലെ രാവിലെ വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി എത്തിയിരുന്നു. അതിരപ്പിള്ളി റേഞ്ച് ഓഫീസർ ജീഷ്മ ജനാർദനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വാർഡ് മെമ്പർമാരായ വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, കെ.ആർ. സുമേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടുവച്ചത്.