എൻജിൻ നിലച്ച ബോട്ടും മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി
1514927
Monday, February 17, 2025 1:16 AM IST
അഴീക്കോട്: എൻജിൻ നിലച്ച ബോട്ടും മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം.
മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽനിന്നു വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനുപോയ ഉമൽക്കൂറ 12 എന്ന ബോട്ടാണ് എൻജിൻ പ്രവർത്തനംനിലച്ച് കടലില്‍ കുടുങ്ങിയത്. കടലില്‍ 13 നോട്ടിക്കല്‍ മൈല്‍ അകലെ കാര വടക്കുപടിഞ്ഞാറ് ഭാഗത്താണ് ബോട്ട് നിലച്ചത്. രാവിലെ ആറുമണിയോടെയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങികിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ബോട്ടിലുണ്ടായ 11 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനംനടത്തി കരയിലെത്തിച്ചു. മുനയ്ക്കക്കടവ് സ്വദേശി പോക്കാകില്ലത്ത് വീട്ടിൽ അബ്ദുൽ റസാക്കിന്റേതാണ് ബോട്ട്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.സി. സീമയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആന്‍ഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, റസ്ക്യൂ ഗാര്‍ഡ്മാരായ ഹുസൈൻ വടക്കേനോളി, വിജീഷ് ഏമാട്ട്, ബോട്ട് സ്രാങ്ക് റോക്കി കുഞ്ഞിത്തൈ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്കി.
മത്സ്യബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കംചെന്ന യാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് പോകുന്നതുകൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്.