കാട്ടാന ആക്രമണം ; പ്രതിരോധനടപടികൾ ശക്തിപ്പെടുത്തണമെന്ന് സബ്മിഷൻ; ഉടൻ നടപടിയെന്നു മന്ത്രി
1514232
Saturday, February 15, 2025 1:50 AM IST
വടക്കാഞ്ചേരി: മച്ചാട് ഫോറസ്റ്റ് റേഞ്ചുകളിലെ ജനവാസ മേഖകളിൽ നിരന്തരമായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ സോളാർ ഫെൻസിംഗ് അടിയന്തരമായി സ്ഥാപിക്കണമെന്നും റെയിൽവേയുടെ പ്രത്യേക സുരക്ഷാപദ്ധതി നടപ്പാക്കുന്നതിനായി ഇടപെടണമെന്നും അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. വടക്കാഞ്ചേരി മണ്ഡലത്തിലെ മച്ചാട് - വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയിൽ പ്രവേശിച്ച കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയും സ്വൈര്യജീവിതവും ഇല്ലാതാക്കിയിരിക്കുകയാണ്.
കുതിരാൻ തുരങ്കപാത യാഥാർഥ്യമായതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ മച്ചാട് വനമേഖലയിലെ ജനവാസമേഖലകളിൽ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. തെക്കുംകര ഗ്രാമപഞ്ചായത്തിലെ വാഴാനി ഡാമിനോടുചേർന്ന് കാക്കിനിക്കാട്, കൊളത്താശേരി, മേലില്ലം, കുറ്റിക്കാട് ഭാഗങ്ങളിലും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല കുഴിയോട്, ചേപ്പലക്കോട്, പട്ടാണിക്കാട് പ്രദേശങ്ങളിലും ചേലക്കരയിലെ മുള്ളൂർക്കര, പാഞ്ഞാൾ പ്രദേശങ്ങളിലും കാട്ടാനകൾ ദിനംപ്രതി ഇറങ്ങുകയും വലിയതോതിൽ കൃഷി നശിപ്പിക്കുകയും ദിവസങ്ങളോളം ജനവാസമേഖലകളിൽ നിലയുറപ്പിക്കുകയും ചെയ്യുന്ന ഭീതിജനകമായ അന്തരീക്ഷമാണുള്ളത്.
ഈ ആനകൾ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല ശാസ്താവ്, ഉത്രാളിക്കാവ് എന്നീ ക്ഷേത്രങ്ങളുടെ പരിസരത്ത് റെയിൽവേ ട്രാക്കിനടുത്ത് എത്തുന്നതും റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതും വലിയ അപകടസാധ്യതയാണു സൃഷ്ടിക്കുന്നത്. റെയിൽവേയുടെ പ്രത്യേക സംരക്ഷണ പദ്ധതി ഈ മേഖലയിൽ നടപ്പിലാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സബ്മിഷനിൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ നേരത്തെ പ്രവർത്തനം നിർത്തിവച്ച അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. സോളാർ ഫെൻസിംഗ് അടിയന്തരമായി സ്ഥാപിക്കുക, റെയിൽവേയുടെ പ്രത്യേക പ്രതിരോധ പദ്ധതി നടപ്പാക്കുന്നതിനായി ഇടപെടുക, അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ചു.
തൃശൂർ ഡിവിഷനു കീഴിലുള്ള വടക്കാഞ്ചേരി, മച്ചാട് എന്നീ ഫോറസ്റ്റ് റേഞ്ചുകളിൽ കാട്ടാന ഇറങ്ങുന്ന ജനവാസമേഖലകളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ളനടപടി സ്വീകരിച്ചിട്ടുള്ളതും ദർഘാസ് ഏറ്റെടുത്തിട്ടുള്ള കരാറുകാർക്ക് വർക്ക് ഓർഡർ നൽകിയിട്ടുള്ളതുമാണെന്ന് വനം മന്ത്രി സബ്മിഷന് മറുപടി പറഞ്ഞു. താമസിക്കാതെതന്നെ ഉടമ്പടിവച്ച് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. 59.75 കിലോ മീറ്റർ ദൂരത്തിൽ 1.4932 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
മേൽ പ്രവൃത്തികൾ കൂടാതെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മനുഷ്യ - വന്യജീവി സംഘർഷം കണക്കിലെടുത്ത് മച്ചാട് റേഞ്ചിലെ കുറ്റിക്കാട് മുതൽ മേലില്ലംവരെ 10 കിലോ മീറ്റർ ദൂരം സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ആർകെവിവൈ പദ്ധതി പ്രകാരമുള്ള ഒരു പ്രോപ്പോസൽ തൃശൂർ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർക്ക് തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സമർപ്പിച്ചിട്ടുള്ളത് വകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.