കുടിവെള്ള പദ്ധതി ടാങ്ക്: പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ സെമിനാർ വേദിയിലേക്ക് ഇരച്ചുകയറി
1513640
Thursday, February 13, 2025 2:02 AM IST
തിരുവില്വാമല: ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ തീണ്ടാപ്പാറ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള 5000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് കഴിഞ്ഞ ദിവസം വാഹനത്തിൽ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പഞ്ചായത്ത് വികസന സെമിനാർ ബഹിഷ്കരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെ മുൻപഞ്ചായത്ത് പ്രസിഡന്റും സിപിഎം അംഗവുമായ കെ.പി. ഉമാശങ്കറിന്റെ നേതൃത്വത്തിൽ വനിതകളടക്കമുള്ള പ്രവർത്തകരാണു സെമിനാർ നടന്ന ആനമല ഹോംസ്റ്റേയിലെ വേദിയിലേക്കു പ്രതിഷേധവുമായി ഇരച്ചുകയറിയത്. തുടർന്ന് മുദ്രാവാക്യം വിളിച്ച് വേദിക്കു മുൻപിൽ കുത്തിയിരുന്നു.
എട്ടാം വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ കെ. പത്മജ പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ചതോടെയാണു സമരം അവസാനിപ്പിച്ചത്.
"ഗ്രാമപഞ്ചായത്ത് ഫണ്ടിൽ വാങ്ങിയതല്ല വാട്ടർ ടാങ്ക്. കരാറുകാരന്റേതായിരുന്നു. രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാനുളള കരാറുകാരന്റെ ബുദ്ധിമാത്രമാണത്.
പഞ്ചായത്തിന്റേതല്ലാത്ത ടാങ്ക് നീക്കം ചെയ്തത് തികച്ചും വ്യക്തിപരമാണ് . പ്രദേശത്ത് കുടിവെള്ളക്ഷാമം ഉണ്ടെങ്കിൽ പരിഹരിക്കും. ഇത്തരം രാഷ്ട്രീയ പ്രേരിതമായ സമരങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയും'- ഉദയൻ പറഞ്ഞു.
വികസന സെമിനാർ നടത്തി
തിരുവില്വാമല: ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ ഉദ്ഘാടനം ചെയ്തു. കുടിവെള്ളം, ശുചിത്വം ,ടൂറിസം, ആരോഗ്യഗ്രാമം, ബാലസൗഹൃദപഞ്ചായത്ത് എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് വികസന സെമിനാർ നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം. ഉദയൻ, വി. രാമചന്ദ്രൻ, സ്മിത സുകുമാരൻ, ബേബി രജിത, ദേവി, ഗിരിജ, രഞ്ജിത്ത്, സുമതി, പ്രകാശൻ, ബ്ലോക്ക്പഞ്ചായത്ത് അംഗം സിന്ധുസുരേഷ് തുടങ്ങിയവർ പങ്കെടുത്തു.