ഒഴുക്ക് തടസപ്പെട്ട് അവുണ്ടര് ചാല് ; നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയില്‍
1507898
Friday, January 24, 2025 2:01 AM IST
എടക്കുളം: അവുണ്ടര് ചാല് കനാലിലും സമീപത്തെ മറ്റു കനാലുകളിലും ചണ്ടിയും കുളവാഴകളുംനിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടു. ബണ്ടിന്റെ ഉയരക്കുറവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതായി കര്‍ഷകര്‍.
ഉയരക്കുറവുമൂലം മഴപെയ്താല്‍ ഷണ്മുഖം കനാലില്‍നിന്ന് പാടശേഖരങ്ങളിലേക്ക് എളുപ്പം വെള്ളംകയറും. കനാലും ഇടതോടുകളും വൃത്തിയാക്കാത്തത് വലിയതോതിലാണ് കൃഷിയെ ബാധിച്ചിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
പാടശേഖരങ്ങളില്‍നിന്ന് വെള്ളം മോട്ടോറടിച്ച് കനാലിലേക്കുവിട്ടാലും നീരൊഴുക്കില്ലാത്തതിനാല്‍ ഫലപ്രദമാകുന്നില്ലെന്നും അവര്‍ പറഞ്ഞു. പൂമംഗലം ഗ്രാമപ്പഞ്ചായത്തില്‍ എടക്കുളം നെറ്റിയാട് സെന്ററില്‍നിന്ന് പടിഞ്ഞാറ് അവുണ്ടര് ചാല് കനാലിന്റെ വടക്കുഭാഗത്തുള്ള പാടശേഖരത്തിലാണ് ഈ ദുരവസ്ഥ.
പടിയൂര്‍ പൂമംഗലം കോള്‍മേഖലയില്‍ ഉള്‍പ്പെട്ട 70 ഏക്കര്‍ വരുന്ന ഈ പാടശേഖരത്തില്‍ ഇപ്പോള്‍ 25 ഏക്കറോളം മാത്രമാണ് കൃഷിയിറക്കുന്നത്. കഴിഞ്ഞവര്‍ഷം കൃഷിയിറക്കി കൊയ്യേണ്ട സമയമായപ്പോഴേക്കും കേടുവന്നതായി കര്‍ഷകര്‍ പറഞ്ഞു. അതിനാല്‍ ഇത്തവണ നവംബറില്‍ത്തന്നെ പാടശേഖരങ്ങളില്‍നിന്ന് വെള്ളം വറ്റിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. എന്നാല്‍ ഡിസംബര്‍ ആദ്യം പെയ്തമഴയില്‍ പാടശേഖരങ്ങളിലേക്ക് പെട്ടെന്ന് വെള്ളം കയറിയതോടെ ഇരട്ടിപ്പണിയായതായി കര്‍ഷകര്‍ പറഞ്ഞു.
കൃഷിക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച മോട്ടോര്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. പഴയ പെട്ടിയും പറയും ഉപയോഗിച്ചാണ് ഇപ്പോഴും കൃഷി. കനാല്‍ വൃത്തിയാക്കാനുള്ള നടപടിപോലും പഞ്ചായത്തോ, കൃഷിഭവനോ ചെയ്യുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
അധികാരികളുടെ നിസഹകരണംമൂലം മുന്‍കാലങ്ങളില്‍ പാടം പണിയാന്‍ തയാറായിരുന്ന പലരും പതുക്കെ പിന്‍വലിയുകയാണ്.