കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോണ്‍ക്രീറ്റിംഗ്; നഗരത്തിൽ ഇന്നുമുതൽ ഗതാഗതപരിഷ്കാരം
1497647
Thursday, January 23, 2025 2:01 AM IST
തൃശൂർ: കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോണ്‍ക്രീറ്റ് നിർമാണ പ്രവൃത്തികളുടെ നാലാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഇന്നുമുതൽ നിർമാണം കഴിയുന്നതുവരെ നഗരത്തിൽ ഗതാഗതം പരിഷ്കരിക്കുമെന്നു ട്രാഫിക് പോലീസ് അറിയിച്ചു.
ദിവാൻജിമൂല ഭാഗത്തുനിന്നും സ്വരാജ് റൗണ്ടിലേക്കുപോകേണ്ട ചെറുവാഹനങ്ങൾ ചെട്ടിയങ്ങാടി ജംഗ്ഷനിൽനിന്നു നേരെ പോസ്റ്റ് ഓഫീസ് റോഡുവഴി എംഒ റോഡിലെത്തി റൗണ്ടിലേക്കു പ്രവേശിക്കണം. ഈ ദിവസങ്ങളിൽ എംഒ റോഡ് ഭാഗത്തുനിന്നും ചെട്ടിയങ്ങാടി ഭാഗത്തേക്കു വാഹനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ദിവാൻജിമൂല ഭാഗത്തുനിന്നു റൗണ്ടിലേക്കു പോകേണ്ട സ്വകാര്യബസുകൾ ചെട്ടിയങ്ങാടി ജംഗ്ഷനു മുൻപുള്ള ദ്വാരക ഹോട്ടൽ ജംഗ്ഷനിൽനിന്നും ഇടത്തോട്ടുതിരിഞ്ഞ് മാരാർ റോഡുവഴി സർവീസ് നടത്തുന്നതിനാൽ ഈ റോഡിൽ നിർമാണം കഴിയുന്നതുവരെ ദ്വാരക ഹോട്ടൽ ജംഗ്ഷൻ മുതൽ റൗണ്ട് വരെയുള്ള മാരാർ റോഡ് വണ്‍വേ ആയിരിക്കും.
സ്വരാജ് റൗണ്ട്, മണപ്പുറം ജംഗ്ഷൻ, പേൾ റീജൻസി എന്നിവിടങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് മാരാർ റോഡ് വഴി ദ്വാരക ഹോട്ടൽ ജംഗ്ഷൻ ഭാഗത്തേക്കു പ്രവേശനം നിരോധിച്ചിട്ടുണ്ട്. മാരാർ റോഡിന്റെയും പോസ്റ്റ് ഓഫീസ് റോഡിന്റെയും ഇരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കു വരുന്ന ചരക്കുവാഹനങ്ങളിൽനിന്നും കയറ്റിറക്ക് സംബന്ധമായ പ്രവൃത്തികൾ രാവിലെ എട്ടിനുമുൻപോ രാത്രി ഒൻപതിനുശേഷമോ നടത്തണം. അല്ലാത്തപക്ഷം കയറ്റിറക്കു നടത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമനടപടികളും സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മാരാർ റോഡ്, പോസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്കുവരുന്ന വാഹനങ്ങൾ റോഡിനിരുവശങ്ങളിൽ പാർക്ക് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.