സിവിൽ സർവീസ് മേഖലയെ എൽഡിഎഫ് സർക്കാർ ശവപ്പറന്പാക്കി: ടി.എൻ. പ്രതാപൻ
1497645
Thursday, January 23, 2025 2:01 AM IST
തൃശൂർ: ആറു ഗഡു ക്ഷാമബത്താ കുടിശിക അനുവദിക്കുക, 11 -ാം ശന്പളപരിഷ്കരണ കുടിശിക അനുവദിക്കുക, മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക, സർക്കാർ വിഹിതം ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും പണിമുടക്കി. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്കിന്റെ ഭാഗമായി തൃശൂരിൽ നടന്ന പ്രതിഷേധം മുൻ എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
എട്ടരവർഷംകൊണ്ട് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്ന എൽഡിഎഫ് സർക്കാർ സിവിൽ സർവീസ് മേഖലയെ ശവപ്പറന്പാക്കി മാറ്റിയെന്നു പ്രതാപൻ പറഞ്ഞു. കൊള്ളക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സയ്ക്ക് ആശ്രയമായ മെഡിസെപ്പ് പദ്ധതിപോലും നല്ല നിലയിൽ കൊണ്ടുപോകുവാൻ സർക്കാരിനു കഴിയുന്നില്ല. മുഖ്യമന്ത്രിക്കു സ്തുതിഗീതം പാടുന്നവർക്കുമാത്രമാണ് സർക്കാർ ആനുകൂല്യങ്ങൾ എന്ന നിലയിലേക്കു ഭരണസംവിധാനത്തെ എത്തിച്ചതാണ് എട്ടര വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടം.
ഭരണപക്ഷ സംഘടനയ്ക്കുപോലും സർക്കാരിൽ വിശ്വാസം നഷ്ടമായി. അതുകൊണ്ടാണ് സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗണ്സിൽ കോണ്ഗ്രസ് അനുകൂല സർവീസ് സംഘടനകൾക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെറ്റോ ജില്ലാ ചെയർമാൻ കെ.വി. സനൽകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഒ. ഡെയ്സൻ, കെജിഒയു സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഷൈൻ, കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, എഎച്ച്എസ്ടിഎ സംസ്ഥാന ട്രഷറർ കെ.എ. വർഗീസ്, ജോണ് കോശി, വിമൽ ജോസഫ്, പി.കെ. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.