ഭർത്താവിനോടൊപ്പം കുളിക്കാൻ പോയ യുവതി കുളത്തിൽ മരിച്ചു
1497568
Wednesday, January 22, 2025 10:39 PM IST
ചേലക്കര: കിള്ളിമംഗലം പളുങ്ക് ശിവനാരായണക്ഷേത്രത്തിലെ കുളത്തിൽ ഭർത്താവിനോടൊപ്പം കുളിക്കാൻ പോയ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തി.
പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം സൊസൈറ്റിപ്പടിക്കു സമീപം പൂക്കുളങ്ങര വീട്ടിൽ മദ്ദള കലാകാരൻ കണ്ണൻ എന്ന ഗിരീഷിന്റെ ഭാര്യ നമിത(34)യെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് 4.30 ന് വീട്ടിൽനിന്ന് ഭർത്താവിനോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ നമിത വെള്ളത്തിൽ അകപ്പെടുകയായിരുന്നു. നമിതയെ രക്ഷപ്പെടുത്താൻ ഗിരീഷ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് നാട്ടുകാരും ചേലക്കര പോലീസും വടക്കാഞ്ചേരി അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിൽ വൈകീട്ട് 6.20ഓടെ നമിതയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.