എരവിമംഗലം ഷഷ്ഠി നാളെ; കൂട്ടിയെഴുന്നള്ളിപ്പ് ഒഴിവാക്കി
1484886
Friday, December 6, 2024 5:58 AM IST
തൃശൂർ: ഹൈക്കോടതി നിർദേശങ്ങളും ആനയെഴുന്നള്ളിപ്പിലെ നിയമങ്ങളും കണക്കിലെടുത്ത് ഇത്തവണ എരവിമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിൽ കൂട്ടിയെഴുന്നള്ളിപ്പ് ഒഴിവാക്കിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെയാണ് ഷഷ്ഠി.
നേരത്തേ 15 ആനകളോളം ഉണ്ടായിരുന്ന ആഘോഷപരിപാടിയിൽ ഇത്തവണ ആനകളുടെ എണ്ണവും കുറച്ചു. ഏഴ് ആനകളെ മാത്രമാണ് പങ്കെടുപ്പിക്കുന്നത്. എഴുന്നള്ളിപ്പുകൾ അഞ്ചിനുശേഷംമാത്രമാണ് നടക്കുക. ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ ആഘോഷപരിപാടികളുടെ മാറ്റുകുറച്ചെങ്കിലും നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നു ഭാരവാഹികൾ പറഞ്ഞു. നാളെ പുലർച്ചെ മൂന്നിനു നടക്കുന്ന പള്ളിയുണർത്തലോടെ ആഘോഷപരിപാടികൾക്കു തുടക്കമാകും.
രാവിലെ 10.30 മുതൽ അന്നദാനം, വൈകീട്ട് 6.30ന് ദീപാരാധന, ദിവ്യദർശനം, രാത്രി ഒൻപതുമുതൽ വിവിധ കാവടി സെറ്റുകൾ, പഞ്ചവാദ്യം എന്നിവയുടെ എഴുന്നള്ളിപ്പ്, ക്ഷേത്രം എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും. ഇന്നു വൈകീട്ട് 6.30 മുതൽ ക്ഷേത്രം ഊട്ടുപുരയിൽ ചമയപ്രദർശനവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ എൻ.എം. മനോഹരൻ, ടി.ജി. ഗോപകുമാർ, പി.കെ. പ്രമോദ്, സി.എൻ. സുധീർകുമാർ, എൻ.എ. സന്തോഷ് എന്നിവർ പങ്കെടുത്തു.