മഴയിൽ വ്യാപകകൃഷിനാശം
1484404
Wednesday, December 4, 2024 6:46 AM IST
തൃശൂർ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ തൃശൂരിൽ പലയിടത്തും വ്യാപകകൃഷിനാശം. ചേറ്റുപുഴ കിഴക്കേ കോൾ, മനക്കൊടി കോൾ തുടങ്ങി പുള്ളുവരെയുള്ള കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിനശിച്ചു.മാരാർ കോൾപടവ് പള്ളിക്കോൾ ബണ്ട് പൊട്ടി മുങ്ങിപ്പോയി.
മനക്കൊടി-പുള്ള് റോഡ് കവിഞ്ഞ് വെള്ളമൊഴുകി വാരിയം പടവും മുങ്ങി. 116 ഏക്കർ പാടശേഖരത്തിലെ 30 ദിവസം പ്രായമെത്തിയ നെൽച്ചെടികൾ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കാര്യാട്ടുകരയിൽ ബണ്ടു പൊട്ടി വെള്ളം പാടത്തേക്ക് ഒഴുകുന്നുണ്ട്.
പറപ്പൂർ സംഘം കോൾ സൗത്ത് നെൽപ്പാടം മുങ്ങി
പറപ്പൂർ: രണ്ട് ദിവസമായി പെയ്യുന്ന പെരുമഴ പറപ്പൂർ സംഘം കോൾ സൗത്ത് നെൽപ്പാടം കണ്ണീർപ്പാടങ്ങളായി. 650 ഏക്കർ പാടത്തെ വിതകഴിഞ്ഞ 550 ഏക്കർ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായി. വിത കഴിഞ്ഞ് 14 ദിവസം പ്രായമുള്ള നെല്ലാണ് മഴയിൽ പൂർണമായും മുങ്ങിപ്പോയത്.
കഴിഞ്ഞ വർഷം മുഴുവൻ നെൽകൃഷിയും കനത്ത ഉഷ്ണതരംഗം മൂലം നശിച്ചുപോയിരുന്നു. 5,6 ചാക്കുകൾ നെല്ലുകൾ മാത്രമാണ് കൊയ്ത്തു കഴിഞ്ഞപ്പോൾ ലഭിച്ചത്. ഇത്തവണ ഏറെ പ്രതീക്ഷയോടെയായിരുന്നു വിത്തിറക്കിയത്.എന്നാൽ കഴിഞ്ഞമാസം പാടത്തെ വെള്ളം എത്തിക്കുന്ന പ്രധാന മോട്ടോർ സംവിധാനങ്ങളും മോട്ടർ ഷെഡ് ഉൾപ്പെടെ ഇടിമിന്നലിൽ പൂർണമായും കത്തിനശിച്ചിരുന്നു.മോട്ടർ ഷെഡിൽ ഉണ്ടായിരുന്ന 50,10,1.5 എച്ച്പി എന്നിവയുടെ മൂന്ന് മോട്ടോറുകൾ,പുല്ലുവെട്ട് മെഷീൻ,മോട്ടോർ അനുബന്ധ ഉപകരണങ്ങൾ,ഇലക്ട്രിക് ഉപകരണങ്ങൾ, ഉൾപ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.
മോട്ടർ കത്തിയതുമൂലം ഏറെ വൈകിയാണ് വിത നടന്നത്. കനത്ത മഴമൂലം മുങ്ങിപ്പോയ പാടങ്ങളിൽ താത്കാലിക മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ടെങ്കിലും മഴ തുടർന്നാൽ പൂർണമായും കൃഷി നശിച്ചുപോകുമെന്ന് കർഷകർ പറയുന്നു. കെഎൽഡിസി കനാൽ ഏതുനിമിഷവും തകരാവുന്ന രീതിയിലുള്ള ശോചനീയാവസ്ഥയിലാണ്.തുടരെ കൃഷിനാശം സംഭവിക്കുന്ന സംഘം കോൾ സൗത്ത് പടവിലെ കൃഷിക്കാർ ഏറെ വിഷമത്തിലാണ്.
പലരും സഹകരണ സംഘങ്ങളിൽ നിന്നും ലോണെടുത്താണ് കൃഷി ചെയ്യുന്നത്.ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കർഷകർ പറയുന്നു.
ഇല്ലിക്കൽ റെഗുലേറ്റർ
ഷട്ടർ അടഞ്ഞു;
വെള്ളക്കെട്ടും
കൃഷിനാശവും
ചേർപ്പ്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ എട്ടുമന ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടർ അടഞ്ഞുകിടന്നതിനാൽ ജലനിരപ്പിൽനിന്ന് വെള്ളം കവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാവുകയും പാടശേഖരങ്ങളിലെ നെൽകൃഷിക്ക് നാശം സംഭവിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഇന്നലെ ഷട്ടർ പൊക്കി തുറന്നതിനാൽ വെള്ളക്കെട്ടിന് താത്കാലികശമനമാവുകയും ചെയ്തു. ഷട്ടറുകൾ തുറന്ന് മുന്നൊരുക്കം നടത്തിയെങ്കിൽ വെള്ളക്കെട്ടും കൃഷിനാശവും സംഭവിക്കുകയില്ലായിരുന്നുവെന്ന് ഇല്ലിക്കൽ റെഗുലേറ്റർ സംരക്ഷണസമിതി അംഗങ്ങൾ പറഞ്ഞു.