വെടിക്കെട്ടും ആന എഴുന്നള്ളിപ്പും: പ്രതിഷേധജ്വാല നടത്തി
1466668
Tuesday, November 5, 2024 2:50 AM IST
ചാലക്കുടി: കേരളത്തിലെ ഉത്സവ - പെരുന്നാൾ ആഘോഷങ്ങളിലെ പരമ്പരാഗത വെടിക്കെട്ടും ആന എഴുന്നള്ളിപ്പും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫെസ്റ്റിവൽ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടത്തി. ചാലക്കുടിയിലെ ഉത്സവാഘോഷ കമ്മിറ്റികളും പെരുന്നാൾ കമ്മിറ്റികളും പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.
പരമ്പരാഗത വെടിക്കെട്ടുകൾ സംരക്ഷിക്കാൻ നിയമഭേദഗതികൾ കൊണ്ടുവരിക, തൃശൂർ എരുമപ്പെട്ടിയിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ ഫയർ പാർക്ക് ഉടൻ ആരംഭിക്കുക, പെസോ നിയമത്തിൽ പരമ്പരാഗത വെടിക്കെട്ടുകൾ നിലനിർത്തുന്നതിനാവശ്യമായ ഇളവുകൾ അനുവദിക്കുക, വെടിക്കെട്ടുപുര സ്ഥാപിക്കുന്നതിന് തണ്ണീർതട നിയമത്തിൽ ഇളവുകൾ അനുവദിക്കുക, ആന എഴുന്നള്ളിപ്പുകൾ സംരക്ഷിക്കുക, 2012 ലെ നാട്ടാന പരിപാലനചട്ടം നിലനിർത്തുക, ആഘോഷങ്ങൾ തകർക്കാൻ ശ്രമിക്കുന്ന എൻ ജിഒകളെ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു പ്രതിഷേധജ്വാല നടത്തിയത്.
പ്രതിഷേധ പ്രകടനം സെന്റ്് മേരീസ് ഫെറോന പള്ളി അസി. വികാരി ഫാ. ഡിക്സൻ കാഞ്ഞൂ ക്കാരൻ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതിഷേധജ്വാല സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, മേഖല രക്ഷാധികാരി ജോയ് മൂത്തേടൻ, മേഖല പ്രസിഡന്റ്് രാമചന്ദ്രൻനായർ, കെ. ഗുണശേഖരൻ, ടി.ടി.വിജു, വിനു മഞ്ഞളി, ദേവസിക്കുട്ടി പനേക്കാടൻ, കെ.ആർ. പീതാംബരൻ, ഗോപീകൃഷ്ണൻ, ലിന്റോ തോമസ്, ഗോവിന്ദൻമാസ്റ്റർ, കെ.ബി. ഉണ്ണികൃഷ്ണൻ, അമ്പാടി ഉണ്ണി എന്നിവർ പ്രസംഗിച്ചു.