സെന്റ് തോമസ് കോളജിലെ ആഗോള പൂർവവിദ്യാർഥി സംഗമം നടത്തി
1466220
Sunday, November 3, 2024 7:15 AM IST
തൃശൂർ: സെന്റ് തോമസ് കോളജിലെ ലോകമെന്പാടുമുള്ള പൂർവവിദ്യാർത്ഥികളെ ഒരുമിച്ചുകൂട്ടി ആഗോള പൂർവവിദ്യാർഥിസംഗമം -2024 സംഘടിപ്പിച്ചു. രാജ്യത്തെ പ്രമുഖനഗരങ്ങളിലും വിദേശത്തും വസിക്കുന്ന ആയിരക്കണക്കിനു പൂർവവിദ്യാർഥികൾ സംഗമത്തിന്റെ ഭാഗമായി.
കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറും പൂർവവിദ്യാർഥിയുമായ ഡോ. കെ.എസ്. അനിൽ സംഗമം ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ രൂപത ബിഷപ്പും പൂർവവിദ്യാർഥിയുമായ മാർ ജോയ് ആലപ്പാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഒഎസ്എ പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാനും പൂർവവിദ്യാർഥിയുമായ മാർ ടോണി നീലങ്കാവിൽ സന്ദേശം നല്കി.
ഈവർഷം പ്രവർത്തനം ആരംഭിക്കുന്ന ഒഎസ്എ ഓസ്ട്രേലിയ ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനം ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ നിർവഹിച്ചു. പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, പ്രോഗ്രാം കമ്മിറ്റി ജനറൽ കണ്‍വീനർ ഡോ. കെ.പി. നന്ദകുമാർ, ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ നേടിയ ആൻസി സോജൻ, ഓസ്ട്രേലിയ, കാനഡ, യുഎസ്എ, യുഎ ഇ ചാപ്റ്ററുകളുടെ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.