കോർപറേഷൻ കൗണ്‍സിൽ യോഗം: കൊന്പുകോർത്ത് മേയറും പ്രതിപക്ഷവും
1461607
Wednesday, October 16, 2024 7:17 AM IST
തൃശൂർ: നഗരത്തിലെ നടുവൊടിക്കുന്ന റോഡുകളുടെ ദയനീയാവസ്ഥയ്ക്കെതിരെ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷവും ബിജെപിയും.
നഗരത്തിലെ ചെറുതും വലുതുമായ കുഴികൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുന്നവർക്ക് കുതിരപ്പവൻ സമ്മാനം നൽകുമെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷ താവ് രാജൻ പല്ലൻ. എന്നാൽ അത് ആർക്കും നൽകേണ്ടിവരില്ലെന്ന് ഉറപ്പാണെന്നും അതെണ്ണിത്തിട്ടപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേഷനുമായി ബന്ധപ്പെട്ട ഫയലുകൾ പഠിക്കാൻ കൗൺസിലർമാർക്കു സമയം അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഫയലുകൾ പഠിക്കാൻ സമയംവേണം. അതല്ലാതെയുണ്ടാകുന്ന സാന്പത്തികബാധ്യതകൾ കൗണ്‍സിലർമാരുടെ തലയിൽ കെട്ടിവയ്ക്കാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ഒരു കാര്യത്തിലും പ്രതിഷേധിക്കുന്നില്ലെന്നും ബിജെപി സ്പോൺസേഡ് മേയറാണ് ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പ്രതിഷേധിക്കേണ്ട സാഹചര്യങ്ങളിൽ ബിജെപി പ്രതിഷേധിച്ചിട്ടുണ്ടെന്നും എണ്ണംനോക്കിയാൽ അതറിയാമെന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി മറുപടി നൽകി.
തുടർന്ന് റോഡ് വിഷയം ഉന്നയിക്കാൻ എഴുന്നേറ്റ കൗണ്‍സിലർമാരെ അതു പറയാൻ മേയർ അനുവദിക്കാതിരുന്നതും പ്രതിഷേധത്തിനു കാരണമായി. റോഡ് വിഷയത്തിൽ പ്രതിരോധംതീർത്ത് സിപിഐ നേതാവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സാറാമ്മ റോബ്സണ്, നഗരത്തിലെ പ്രധാന റോഡുകൾ ഒഴികെ മറ്റുള്ള എല്ലാ റോഡുകളും തകർന്നുവെന്നുപറയുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അല്ലാത്തവയുണ്ടെങ്കിൽ അതിനു കാരണം കൗണ്‍സിലർമാരുടെ അനാസ്ഥയാണെന്നും പറഞ്ഞു.
സംസാരിക്കാൻ അനുവദിച്ചില്ല; ശബ്ദമുയർത്തി കൗണ്‍സിലർമാർ
തൃശൂർ: പരാതികൾ കേൾക്കുംമുൻപേ മേയർ ഇടപെടാൻ തുടങ്ങിയതോടെ കൗണ്‍സിൽഹാളിൽ ആളിക്കത്തി പ്രതിപക്ഷപ്രതിഷേധം. ലാലി ജെയിംസ്, ലീല വർഗീസ് അടക്കമുള്ള പ്രതിപക്ഷ കൗണ്‍സിലർമാരെ സംസാരം തുടങ്ങുംമുൻപ് തടയാൻ ശ്രമിച്ചതാണു പ്രതിഷേധം ശക്തമാക്കിയത്.
റോഡ് വിഷയം ഉയർത്തിയ ലാലി ജെയിംസിനോട് മറ്റു കാര്യങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്നു പറഞ്ഞതോടെ, പടിഞ്ഞാറേകോട്ടയിലെ റോഡി ൽ എരുമ പെറ്റുവെന്നായിരുന്നു മറുപടി. പള്ളിക്കുളം റോഡിൽ അദാനിയുടെ പൈ പ്പ് കൊണ്ടുവന്നിട്ടതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകൾ പറയാൻ സമ്മതിക്കാത്തതാണ് ലീല വർഗീസും മേയറും കൊന്പുകോ ർക്കാൻ ഇടയാക്കിയത്. ഇതിനിടെ എബി വർഗീസിനോട് തട്ടിക്കയറിയ മേയർ തനി ക്കു വല്ല അസുഖമുണ്ടോ എന്നു ചോദിച്ചതോടെ, മേയർക്കു പ്രഷർ തീർക്കാനുള്ള സ്ഥലമല്ല കോർപറേഷനെന്നും പരസ്പരബഹുമാനം വേണമെന്നും എല്ലാവരും ജയിച്ചുവന്നവരാണെന്നും എബി വർഗീസും ലാലി ജെയിംസും പറഞ്ഞു.
ശക്തൻനഗറിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങും
1987 മുതൽ പരിഹരിക്കാതെ കിടന്ന, ശക്തൻനഗർ സമഗ്രവികസനത്തിനു തടസമായി നിന്നിരുന്ന എനാർക്ക് കണ്‍സ്ട്രക്ഷനും പഴയ മുനിസിപ്പാലിറ്റിയും തമ്മിലുള്ള തർക്കം രമ്യമായ രീതിയിൽ പരിഹരിക്കുന്നതിനും ശക്തൻനഗർ വികസനം അതിവേഗം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 10 കോടി രൂപയുടെ വികസനവും തൃശൂർ എംഎൽഎ പി. ബാലചന്ദ്രന്റെ ആസ്തി വികസനഫണ്ടിൽനിന്നുള്ള 10 കോടി രൂപയുടെ വികസനവും ഉൾപ്പെടെ 20 കോടി രൂപയുടെ പ്രാരംഭവികസനപ്രവർത്തനങ്ങൾ ആരംഭിക്കും.
1000 കോടി രൂപയുടെ സമഗ്രവികസനത്തിനാണ് തൃശൂർ കോർപറേഷൻ രൂപകല്പന ചെയ്തിട്ടുള്ളത്. ഇവയ്ക്കുപുറമെ നിലവിൽ പരാതികളുയരുന്ന മുഴുവൻ റോഡുകളിലും നിർമാണപ്രവർത്തനങ്ങൾക്കുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും മേയർ അറിയിച്ചു. അവയുടെ പ്രവർത്തനങ്ങൾക്കായി കോടികളാണ് വകയിരുത്തിയിരിക്കുന്നത്. കൂർക്കഞ്ചേരി - കുറുപ്പം റോഡിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.
അനധികൃതമായി ഉയർത്തുന്ന കച്ചവടസ്ഥാപനങ്ങൾ ഏതുനിമിഷവും പൊളിച്ചുനീക്കാമെന്നും അതിനു ബന്ധപ്പെട്ട അധികാരികൾക്ക് അധികാരമുണ്ടെന്നും പറഞ്ഞ മേയർ, നിലവിൽ കോർപറേഷനു കീഴിലുള്ള ആവശ്യമില്ലാത്ത പൊതുടാപ്പുകൾ ഒഴിവാക്കുമെന്നും അറിയിച്ചു.
ശക്തൻ മാർക്കറ്റിൽ സുരേഷ്ഗോപി അനുവദിച്ച തുക ഉപയോഗിച്ചുള്ള വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാ ടനം ദീപാവലിദിനത്തിൽ നടത്താനും തീരുമാനിച്ചു.
ദീപിക വാർത്തകൾ ചർച്ചയായി; പോരായ്മകൾ പരിഹരിക്കുമെന്നു മേയർ
തൃശൂർ: കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ ചർച്ചയായി ദീപികയിലെ വാർത്തകളും. ആകാശപ്പാതയിലെ പോരായ്മകളും നെഹ്റു പാർക്കിലെ അപകട റൈഡുകളുമാണ് ചർച്ചകളായത്. കഴിഞ്ഞ 11 നാണ് ആകാശപ്പാതയിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്.
പ്രതിപക്ഷ കൗണ്‍സിലർ ജോണ്‍ ഡാനിയൽ ആകാശപ്പാതയിലെ ചോർച്ച ഉയർത്തിക്കാണിച്ചാണ് പ്രതിഷേധം അറിയിച്ചത്. പാത അതിന്റെ ലക്ഷ്യത്തിൽ ഇതുവരെയും എത്തിയിട്ടില്ല. സെൽഫി പോയിന്റായി മാത്രം ചുരുങ്ങാതെ ജനങ്ങൾക്കു കൃത്യമായി ബോധവത്കരണം നല്കാൻ കോർപറേഷൻ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ആകാശപ്പാതയുടെ റൂഫിംഗിനു 90 ലക്ഷം രൂപ വേണ്ടിവരുമെന്നു സർക്കാർ റിപ്പോർട്ടിൽ പറയുന്പോഴും അതിന്റെ 16.1 ശതമാനം കുറച്ച് റൂഫിംഗ് ഏറ്റെടുത്ത കരാറുകാരനുവേണ്ടി പിന്നീട് റിവേഴ്സ് എസ്റ്റിമേറ്റ് വഴി തുക കൂടുതൽ അനുവദിച്ച കോർപറേഷൻ കരാറുകാരനുമായി ഒത്തുകളിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു.
കൃത്യമായ മുന്നൊരുക്കമില്ലാതെ നിർമിച്ച ആകാശപ്പാത വന്നതോടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും കച്ചവടക്കാരും ദുരിതത്തിലായെന്നു ഡിവിഷൻ കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള പറഞ്ഞു.
ആകാശപ്പാതയുടെ പോരായ്മകൾ പരിഹരിക്കണമെന്നു ഭരണമുന്നണി കൗണ്‍സിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സാറാമ്മ റോബ്സണും ആവശ്യപ്പെട്ടു.
ഇന്നലെ ദീപികയിൽ പ്രസദ്ധീകരിച്ച നെഹ്റു പാർക്കിലെ അപകട റൈഡുകളെക്കുറിച്ചും പാർക്കിന്റെ ദുരവസ്ഥയെക്കുറിച്ചും പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് ചൂണ്ടിക്കാട്ടി. വിഷയങ്ങളിലെ പോരായ്മകൾ പരിഹരിക്കുമെന്നും നിലവിൽ ആകാശപ്പാതയുടെ പേരിൽ ഉയരുന്ന മറ്റു പരാതികൾ അധികം വൈകാതെ കെട്ടടങ്ങുമെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു. ജനം പാതയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അപകടരഹിതമായ യാത്രയാണ് കോർപറേഷൻ ലക്ഷ്യമിടുന്നതെന്നും മേയർ വിശദീകരിച്ചു.