തെരുവുനായ്ക്കളുടെ നിയന്ത്രണത്തിൽ
1461262
Tuesday, October 15, 2024 6:29 AM IST
ചാലക്കുടി: നോർത്ത് ജംഗ്ഷൻ തെരുവ് നായ്ക്കളുടെ അധീനതയിലാണെന്നു തോന്നുന്ന അവസ്ഥയാണ്. തെരുവ് നായ്ക്കൾ കൂട്ടമായി ടൗണിൽ വിഹരിക്കുന്നു. സെെക്കിളിൽ സ്കുളുകളിലേക്ക് പോകുന്ന കുട്ടികളെ തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവുകാഴ്ചയാണ്.
തെരുവ് നായകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുന്നതും പതിവുകാഴ്ചയാണ്. ഇരു ചക്ര വാഹനങ്ങൾക്കുനേരെയും തെരുവ് നായ്ക്കൾ ആക്രമണകാരികളാകുന്നു. ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും മുന്നിലേക്ക് വട്ടംചാടുന്നതു മൂലം അപകടങ്ങൾ ഉണ്ടാകുന്നു.
ഹോട്ടലുകളുടെയും മറ്റും കച്ചവടസ്ഥാപനങ്ങൾക്കു മുൻപിലും തെരുവ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കയാണ്. ഭക്ഷണംകാത്ത് കിടക്കുന്നതെരുവ് നായ്ക്കൾക്ക് ധാരാളംപേർ ഭക്ഷണം നല്കുന്നുണ്ട്. നഗരസഭ ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും നിർബാധം തുടരുകയാണ്. തെരുവ്നായ് ശല്യത്തിനെതിരെ സമരങ്ങൾവരെ നടന്നുവെങ്കിലും പ്രതിവിധി കണ്ടെത്തിയിട്ടില്ല.
നഗരസഭ വാക്സിനേഷൻ നടത്തിയതിന്റെ കണക്കുകൾ പറഞ്ഞ് തടി ഊരുകയാണ്. തെരുവ് നായ്ക്കൾക്ക് സംരക്ഷണകേന്ദ്രം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ പല കാരണങ്ങൾ പറഞ്ഞ് കൈയൊഴിയുകയാണ്. ഉപദ്രവകാരികളെ നായ്ക്കളെപോലും പിടി കൂടാൻ നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
ടൗണിൽ മാത്രമല്ല നഗരസഭ പ്രദേശത്ത് മുഴുവൻ തെരുവ് നായകൾ പെറ്റുപെരുകുകയാണ്. ഇതിനെതിരെയുള്ള സർക്കാർ പദ്ധതികളും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയാണ്.