ഹൈവേ അഥോറിറ്റിയുടെ രാക്ഷസീയനീക്കം പിടിച്ചുകെട്ടും: മർച്ചന്റ്സ് അസോസിയേഷൻ
1461261
Tuesday, October 15, 2024 6:29 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ പേരിൽ കൊരട്ടി മേഖലയിൽ നാഷണൽ ഹൈവേ അഥോറിറ്റി നടത്തുന്ന രാക്ഷസീയനീക്കം പിടിച്ചുകെട്ടാൻ വ്യാപാരി വ്യവസായി ഏകോപനസമിതി സജ്ജമാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ വ്യക്തമാക്കി.
വികസനം വരുമ്പോൾ പൊതുജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കേണ്ടതിനുപകരം അധികൃതർ ദുരിതങ്ങളാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊരട്ടിയിൽ സമ്പൂർണ മേൽപ്പാലം അനുവദിക്കുക, പൊങ്ങം മുതൽ മുരിങ്ങൂർ വരെ ഇരുവശങ്ങളിലും സർവീസ് റോഡ് നിർമിക്കുക, ബദൽ റോഡ് നിർമാണത്തിന്റെ മറവിൽ മണ്ണെടുത്ത് കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മർച്ചന്റ്സ് അസോസിയേഷൻ കൊരട്ടി സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധധർണ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സങ്കുചിത കാഴ്ചപ്പാടുകൾ മാറ്റി കൂടിയാലോചനകൾക്ക് ഹൈവേ അഥോറിറ്റി തയാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ദീർഘവീക്ഷണത്തോടെയുള്ള ദേശീയപാത വികസനം എങ്ങനെയാകണം എന്നതുസംബന്ധിച്ച് ആധികാരികമായ മാർഗരേഖ 48 മണിക്കൂറിനകം മർച്ചന്റ്സ് അസോസിയേഷൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.
നാടിനെ വികസനമുരടിപ്പിലേക്ക് തള്ളിവിടരുതെന്നും സർവീസ് റോഡ് നിർമാണം പൂർത്തീകരിക്കാതെ ഒരുതരി മണ്ണുപോലും പ്രധാനപാതയിൽനിന്നു മാറ്റാൻ അസാേസിയേഷൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, അസോസിയേഷൻ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ യൂണിറ്റ് ഭാരവാഹികളായ പി.വി. ഫ്രാൻസിസ്, വി.പി. ജോർജ്, വർഗീസ് പൈനാടത്ത്, സി.എസ്. ജയചന്ദ്രൻ, എം.ഡി. പോൾ, ടി.ഒ. ഡേവീസ് എന്നിവർ പ്രസംഗിച്ചു.